ചട്ടമ്പി സ്വാമികൾ

കേരളത്തിലെ നവോത്ഥാന ചിന്തകരിൽ പ്രധാനി. 'വിദ്യാധിരാജൻ' എന്നറിയപ്പെടുന്നു. ചരിത്രകാരൻ, ശൈവയോഗി, വേദാന്തി തുടങ്ങിയ നിലകളിൽ പ്രസിദ്ധൻ. 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ ജനിച്ചു. അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. പഠനത്തിലും സ്വഭാവശുദ്ധിയിലും കാട്ടിയ മികവുമൂലം ആശാന്റെ ഗുരുകുലത്തിൽ വെച്ചുതന്നെ ചട്ടമ്പി (Leader) എന്ന സ്ഥാനപ്പേര് നേടി. പിൽകാലത്ത് അദ്ദേഹം "ഷൺമുഖദാസൻ" എന്ന നാമത്തിൽ സന്യാസം സ്വീകരിച്ചു. അദ്ദേഹം വിജ്ഞാനത്തിന്റെ ഒരു ഖനിതന്നെയായിരുന്നതിനാൽ വിദ്യാധിരാജൻ എന്നും വിളിക്കപ്പെട്ടു. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്താൻ ഈ സന്ന്യാസിവര്യന് കഴിഞ്ഞു. 

കുട്ടിക്കാലത്തു ഗുരു പുലർത്തിയ അയിത്താചാരത്തെ എതിർത്തുകൊണ്ടു യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു. അന്യസമുദായക്കാരായ സുഹൃത്തുക്കളുടെ വീടുകളിൽ പോയി ഭക്ഷണം കഴിച്ചതിനാൽ സവർണ സമൂഹം സ്വാമികളെ എതിർത്തിരുന്നു. ജീവകാരുണ്യത്തിലും അയിത്ത നിർമാർജനത്തിലും ചട്ടമ്പിസ്വാമി വരുത്തിയത് പ്രായോഗിക വിപ്ലവമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥയിലെ അഴിമതിക്കെതിരെ നടത്തിയ 'പട്ടിസദ്യ' ചരിത്രപ്രസിദ്ധമാണ്. കുറച്ചുകാലം ആധാരമെഴുത്തുകാരനായും സെക്രട്ടേറിയേറ്റിലെ കണക്കപിള്ളയായും ജോലി നോക്കിയിരുന്നു.

ഹിന്ദുമതദൂഷണത്തിനെതിരെയും വൈദേശിക മതാധിപത്യത്തിനെതിരെയും സ്വാമികൾ ശബ്ദമുയർത്തിയിട്ടുണ്ട്. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു സമർഥിക്കുന്ന 'സർവ്വമതസമസ്യ'മാണ് ചട്ടമ്പിസ്വാമികളുടെ ആദ്യ കൃതി. സ്ത്രീകളടക്കം എല്ലാവർക്കും വേദം പഠിക്കാമെന്നു വേദപ്രമാണങ്ങൾ തന്നെ ചൂണ്ടിക്കാട്ടി ചട്ടമ്പിസ്വാമികൾ സമർഥിച്ചു. പുരോഹിതവർഗത്തിന്റെ മേധാവിത്വത്തെ മേധാശക്തികൊണ്ടുതന്നെ പൊളിച്ചു എന്നതാണു സ്വാമിദർശനത്തിന്റെ ചരിത്രപ്രസക്തി.

സ്നേഹകാരുണ്യത്തിന്റെ താത്ത്വികരൂപമാണ് 'ജീവകാരുണ്യനിരൂപണം' എന്ന കൃതി. 1903 ൽ ശാസ്താംകോട്ടയിൽ വച്ചു നടത്തിയ അനൗപചാരിക പ്രഭാഷണത്തിലാണ് 'അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു' എന്നു സ്വാമികൾ പ്രഖ്യാപിച്ചത്. ഏറെക്കാലം അവധൂതനായി സഞ്ചരിച്ച ചട്ടമ്പിസ്വാമികൾ ആനന്ദകുമാരവേലു എന്ന സിദ്ധനിൽനിന്നു രഹസ്യമന്ത്രോപദേശം സ്വീകരിച്ചതായി പറയപ്പെടുന്നു. ചട്ടമ്പിസ്വാമിയുമായി നാരായണഗുരു, നീലകണ്ഠതീർഥപാഥർ, പരമഹംസ തീർഥപാഥർ എന്നിവർ നടത്തിയ സമാഗമങ്ങൾ ചരിത്രത്തിനു പുതിയ ബോധോദയം നൽകി. കുട്ടിക്കാലം മുതൽ തന്നെ തികഞ്ഞ സസ്യഭുക്കായി ജീവിച്ച ചട്ടമ്പിസ്വാമികൾ അഹിംസാസങ്കൽപത്തെ പ്രയോഗികമാക്കി. സ്വാമി വിവേകാനന്ദൻ 1892 ൽ കേരളത്തിലെത്തിയപ്പോൾ ചട്ടമ്പിസ്വാമികളെ കാണുകയും 'ചിന്മുദ്ര'യെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തു. 1924 മെയ് 5ന് പന്മനയിൽ വെച്ച് ചട്ടമ്പിസ്വാമികൾ സമാധിയായി. അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ശിഷ്യന്മാർ പണികഴിപ്പിച്ച ബാലഭട്ടാരക ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 

പ്രധാന കൃതികൾ

പ്രാചീന മലയാളം, ആദിഭാഷ, വേദാധികാര നിരൂപണം, ബ്രഹ്ത്വ നിർഭാസം, ക്രിസ്തുമതഛേദനം, സർവമതസമരസ്യം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമത നിരൂപണം, ജീവകാരുണ്യനിരൂപണം, വേദാന്തസാരം, നിജാനന്ത വിലാസം, അദ്വൈതപഞ്ജരം തുടങ്ങിയവ.

PSC ചോദ്യങ്ങൾ

1. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയത് - ചട്ടമ്പി സ്വാമികൾ

2. 'അദ്ദേഹം പക്ഷിരാജനായ ഗരുഡൻ. ഞാനോ വെറുമൊരു കൊതുക്' എന്ന് ചട്ടമ്പിസ്വാമികൾ വിശേഷിപ്പിച്ചതാരെ - സ്വാമി വിവേകാനന്ദനെ

3. 'അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു' ആരുടെ വാക്കുകൾ - ചട്ടമ്പി സ്വാമികൾ

4. സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ നേരിൽ കണ്ടതെവിടെവെച്ച് - മലബാർ (1892)

5. "കേരളത്തിൽ ഞാൻ കണ്ട ഒരേയൊരു മനുഷ്യൻ" എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചതാരെ - ചട്ടമ്പിസ്വാമികളെ

6. ആരിൽനിന്നാണ് ചട്ടമ്പി സ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത് - തൈക്കാട് അയ്യ

7. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത് - ചട്ടമ്പിസ്വാമികൾ

8. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് - ചട്ടമ്പി സ്വാമികൾക്ക്

9. ചട്ടമ്പി സ്വാമികളുടെ ചെറുപ്പത്തിലേ ഓമനപ്പേര് - കുഞ്ഞൻ (യഥാർത്ഥ പേര് അയ്യപ്പൻ)

10. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥന നായകൻ - ചട്ടമ്പി സ്വാമികൾ

11. നീലകണ്ഠതീർഥപാദരുടെ ഗുരു - ചട്ടമ്പിസ്വാമികൾ

12. മോക്ഷപ്രദീപഖണ്ഡനം രചിച്ചത് - ചട്ടമ്പിസ്വാമികൾ

13. ചട്ടമ്പി സ്വാമികൾ ജനിച്ച സ്ഥലം - കണ്ണമ്മൂല

14. ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ് - പന്മന

15. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു സമാധി സങ്കൽപം രചിച്ചത് - പണ്ഡിറ്റ് കറുപ്പൻ

16. അദ്വൈതാ ചിന്താ പദ്ധിതി എന്ന കൃതിയുടെ കർത്താവ് - ചട്ടമ്പി സ്വാമികൾ

17. ചട്ടമ്പി സ്വാമികളുടെ പൂർവാശ്രമത്തിലെ പേര് - അയ്യപ്പൻ (ഓമനപ്പേര് കുഞ്ഞൻ)

18. ചട്ടമ്പി സ്വാമികളുടെ ജനനം ഏതു വർഷത്തിൽ - എ. ഡി. 1853

19. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം - വടിവിശ്വരം

20. ജീവകാരുണ്യനിരൂപണം രചിച്ചത് - ചട്ടമ്പി സ്വാമികൾ

21. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ - ചട്ടമ്പി സ്വാമികൾ

22. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥന നായകൻ - തൈക്കാട് അയ്യാഗുരു

23. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണജോലിയുമായി ബന്ധപ്പെട്ട് മണ്ണുചുമന്നതായി പറയപ്പെടുന്ന പരിഷ്‌കർത്താവ് - ചട്ടമ്പിസ്വാമികൾ

24. സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ - ചട്ടമ്പിസ്വാമികൾ

25. ചട്ടമ്പിസ്വാമികളുടെ ജീവിതം അഞ്ചുഭാഗങ്ങളിലുള്ള കാവ്യമാക്കി എ.വി.ശങ്കരൻ രചിച്ച കൃതി - ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം

26. നീലകണ്‌ഠ തീർത്ഥപാദർ, തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർത്ഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു - ചട്ടമ്പിസ്വാമികളുടെ

27. ചട്ടമ്പി സ്വാമികളെ ജനങ്ങൾ സ്നേഹപൂർവ്വം വിശേഷിപ്പിച്ചതെങ്ങനെ - വിദ്യാധിരാജൻ