തെയ്യം (Theyyam)
മധ്യകേരളത്തിലെ പടയണി പോലെ ഉത്തരകേരളത്തിൽ നിലനിൽക്കുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തെയ്യം. പുരാതന കേരളത്തിൽ നിലവിലിരുന്ന കാളിയാട്ടം എന്ന കലാരൂപത്തിൽ നിന്നാണിവ ഉണ്ടായത്. ഈ പരിഷ്‌കരണത്തിന് മുൻകൈ എടുത്തത് കോലത്തുനാട്ടിലെ രാജാവായ കോലത്തിരിയാണ്. അദ്ദേഹം കോലത്തുനാട്ടിൽ ആവിഷ്‌കരിച്ച തെയ്യം അയൽരാജ്യമായ കോഴിക്കോട്ടും പരിസരങ്ങളിലും തിറയായി രൂപാന്തരപ്പെട്ടു. കോലത്തിരി തന്റെ സുഹൃത്ത് മണക്കാടൻ ഗുരുക്കളുടെ സഹായത്തോടെ മുപ്പത്തൊമ്പത് തെയ്യങ്ങളാണ് ആവിഷ്കരിച്ചത്. കാവുകളിലെയും മറ്റും ഉത്സവങ്ങളോട് അനുബന്ധിച്ചാണ് തെയ്യം അരങ്ങേറുക. 'ദൈവം' എന്ന പദത്തിന്റെ തത്ഭവരൂപമാണ് തെയ്യം. ദേവീദേവന്മാർ, യക്ഷഗന്ധർവവാദികൾ, ഭൂതങ്ങൾ, മൃഗങ്ങൾ, നാഗങ്ങൾ, പൂർവികർ, മൺമറഞ്ഞ വീരനായകന്മാർ തുടങ്ങിയവരെ ദേവതാസങ്കൽപ്പത്തിൽ കോലസ്വരൂപമായി കെട്ടിയാടിച്ച് ആരാധിക്കുക എന്നതാണ് ഈ അനുഷ്ഠാനകലയുടെ സവിശേഷത. ഇഷ്ടദേവതയെ പ്രീതിപ്പെടുത്തുകയെന്നതാണ് തെയ്യത്തിന്റെ ധർമം. തെയ്യത്തിനു പാടുന്ന പാട്ടുകളെ തോറ്റംപാട്ടുകൾ എന്നു പറയുന്നു. കാവുകളിലും തറവാടുകളിലും വർഷംതോറും നിശ്ചിതസമയത്ത് തെയ്യം കഴിപ്പിക്കുന്നതിനെ കളിയാട്ടം എന്നു പറയുന്നു. പാള, കുരുത്തോല, വാഴപ്പോള തുടങ്ങിയവ കൊണ്ടാണ് തെയ്യങ്ങളുടെ ചമയങ്ങൾ കൂടുതലും നിർമ്മിക്കുക. ആട്ടത്തിന് ചെണ്ടയുടെ അകമ്പടിയുമുണ്ടാകും. ഇലത്താളം, കുറുങ്കുഴൽ, കൊമ്പ്, തുടി എന്നിവയും ഉപയോഗിക്കാറുണ്ട്.
PSC ചോദ്യങ്ങൾ
1. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പ്രധാനമായും പ്രചാരത്തിലുള്ള കലാരൂപം - തെയ്യം
2. ദേവത തന്നെ നേരിട്ടുവന്ന് നൃത്തം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നടത്തുന്ന കേരളീയ കലാരൂപങ്ങൾ ഏതെല്ലാം - തെയ്യം, തിറ
3. പുരാതന കേരളത്തിൽ നിലവിലിരുന്ന കാളിയാട്ടം എന്ന കലാരൂപത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കലാരൂപം - തെയ്യം
4. 'തെയ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്ന സ്ഥലം - കണ്ണൂർ
5. തെയ്യത്തിന്റെ ആദ്യ ചടങ്ങുകൾ - തുടങ്ങൽ, തോറ്റം, ബലി, നൃത്തം, ആയോധനം, വെള്ളാട്ടം
6. എല്ലാ ദിവസവും തെയ്യം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രം - പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം
7. കാവുകളിലും സ്ഥാനങ്ങളിലും തറവാടുകളിലും തെയ്യവും തിറയും കെട്ടിയാടുന്നതിനെ പറയുന്ന പേര് - കളിയാട്ടം
8. തെയ്യാട്ടത്തിന്റെ ആഹാര്യാംശത്തിന്റെ പ്രധാനഘടകം - വലിപ്പമേറിയ മുടിക്കെട്ട്
0 Comments