കേരളത്തിലെ ക്ഷേത്ര കലാരൂപങ്ങൾ
കൂത്ത്, കൂടിയാട്ടം, കഥകളി, രാമനാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, അഷ്ടപദിയാട്ടം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ക്ഷേത്രകലകൾ. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വളർന്നവയായതിനാലാണ് ഈ കലാരൂപങ്ങൾക്ക് ക്ഷേത്ര കലകൾ എന്ന പേരു കിട്ടിയത്. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാട്യഗൃഹങ്ങളിലാണ് മുൻപൊക്കെ ക്ഷേത്ര കലകൾ അവതരിപ്പിച്ചിരുന്നതും.
കൂത്ത് - പരമ്പരാഗതമായി കേരളത്തിലെ ചാക്യാർ സമുദായത്തിൽ പെട്ടവർ മാത്രം അവതരിപ്പിച്ചു പോന്നിരുന്നതിനാൽ കൂത്ത്, ചാക്യാർകൂത്ത് എന്നും അറിയപ്പെടുന്നു. സംസ്കൃതരചനകളായ 'ചമ്പു'ക്കളെ ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളാണ് ഇവയുടെ പ്രമേയം. അഭിനയത്തിനും സംഭാഷണത്തിനും കൂത്തിൽ ഒരുപോലെ സ്ഥാനമുണ്ട്.
കൂടിയാട്ടം - ഇപ്പോഴും നിലനിൽക്കുന്ന ഏക പ്രാചീന സംസ്കൃത നാടകരൂപമാണ് കൂടിയാട്ടം. ക്ഷേത്രവളപ്പിൽ കൂത്തമ്പലം എന്ന പേരിലുള്ള അരങ്ങിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. മിഴാവാണ് കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം. പൂർണ്ണ രൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും. കൂടിയാട്ടത്തിൽ വിദൂഷകൻ മലയാളത്തിലും മറ്റ് കഥാപാത്രങ്ങൾ സംസ്‌കൃതത്തിലുമാണ് സംസാരിക്കുന്നത്. ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം) എന്നിവരാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം (2001).
കഥകളി - ഭാരതത്തിലെ ഏറ്റവും മികച്ച ക്ലാസിക് രൂപങ്ങളിലൊന്നായ കഥകളി കേരളത്തിന് ലോകപ്രശസ്‌തി നേടികൊടുത്തു. സംഗീതവും, സാഹിത്യവും അഭിനയവും നൃത്തവും വാദ്യവും ചിത്ര-ശില്പകലയുമൊക്കെ സമന്വയിക്കുന്ന ഇതുപോലൊരു കലാരൂപം ലോകത്ത് വേറെയില്ല. ആദ്യകാലത്ത് കഥകളി വെട്ടത്ത് സമ്പ്രദായം എന്നാണറിയപ്പെടുന്നത്. ചെണ്ട, മദ്ദളം, ഇടക്ക, ഇലത്താളം, ചേങ്ങില എന്നിവയാണ് കഥകളി സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ. സോപാന സംഗീതമാണ് കഥകളിക്ക് ഉപയോഗിക്കുന്നത്. കേളികൊട്ട് കഥകളിയിലെ ആദ്യ ചടങ്ങും ധനാശ്ശി കഥകളിയിലെ അവസാന ചടങ്ങുമാണ്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നു - പച്ച, കത്തി, തടി, കരി, മിനുക്ക് എന്നിവ. ഹസ്തലക്ഷണ ദീപികയാണ് കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം. ഇതിൽ 24 മുദ്രകൾ വിവരിച്ചിരിക്കുന്നു
രാമനാട്ടം - പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് കഥകളിയായി പരിണമിച്ചത്. രാമകഥ പറയുന്ന രാമനാട്ടം എട്ടുദിവസം കൊണ്ടാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്. മലയാളവും സംസ്കൃതവും ഇടകലർന്ന മണിപ്രവാളഭാഷയിലായിരുന്നു ഈ കലാരൂപത്തിന്റെ അവതരണം. രാമനാട്ടം കൂടിയാട്ടത്തിന്റെയും കൂത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയും സാമ്യമുണ്ട്
കൃഷ്ണനാട്ടം - കോഴിക്കോട് സാമൂതിരിയുടെ പ്രോത്സാഹനത്തിൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭവിച്ച ക്ഷേത്ര കലാരൂപമാണ് കൃഷ്ണനാട്ടം. കൃഷ്ണനാട്ടമാണ് കഥകളിയുടെ പൂർവരൂപം. കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടക കുണ്ഡലങ്ങൾ, ഉടുത്തുകെട്ട് മുതലായവ പിൽകാലത്ത് കഥകളിയുടെ വേഷത്തിന് പ്രചോദനമേകി. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാവതരണം, ധനാശി എന്നിങ്ങനെയാണ് കൃഷ്ണനാട്ടത്തിന്റെ അവതരണ ക്രമം.
തുള്ളൽ - പാവങ്ങളുടെ കഥകളി എന്നാണ് തുള്ളൽ അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ ആണ് തുള്ളൽ ആദ്യമായി പരിചയപ്പെടുത്തിയത്. ലളിതവും ഫലിതരസപ്രധാനവുമായ തുള്ളലിന് മൂന്നുവകഭേദങ്ങളുണ്ട്. പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്. കല്യാണ സൗഗന്ധികമാണ് ആദ്യത്തെ തുള്ളൽ കൃതി. ക്ഷേത്ര കലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപമാണ് തുള്ളൽ.
0 Comments