കേരളത്തിലെ ശാസ്ത്രീയ കലാരൂപങ്ങൾ

ശാസ്ത്രീയ കലകൾക്ക് ചിട്ടകളും, മുറയും ക്രമവും തെറ്റാതെയുള്ള അവതരണ ശൈലിയും ഉണ്ടാവണം. നല്ല ശിക്ഷണവും അഭ്യാസവും ആവശ്യമായ കലാരൂപങ്ങളാണ് ശാസ്ത്രീയ കലകൾ. കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ശാസ്ത്രീയ കലകൾ.

കഥകളി

ഭാരതത്തിലെ ഏറ്റവും മികച്ച ക്ലാസിക് രൂപങ്ങളിലൊന്നായ കഥകളി കേരളത്തിന് ലോകപ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്. കോഴിക്കോട് സാമൂതിരിയുടെ പ്രോത്സാഹനത്തിൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭവിച്ച കൃഷ്ണനാട്ടമാണ് കഥകളിയുടെ പൂർവരൂപം. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് കഥകളിയായി പരിണമിച്ചത്.

കൂത്ത്

കൂടിയാട്ടത്തിന്റെ ഒരു ഭാഗവും കൂടിയാട്ടത്തിൽ നിന്ന് വേറിട്ടും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് കൂത്ത്. കൂത്ത് അവതരിപ്പിക്കുന്നത് കൂത്തമ്പലത്തിലാണ്. കൂടിയാട്ടത്തിൽ സ്ത്രീ വേഷങ്ങൾ കെട്ടുന്നത് ചാക്യാർ സമുദായത്തിലെ സ്ത്രീകളാണ് (നങ്ങ്യാർ). ഏകാംഗ അഭിനയശൈലി പിന്തുടരുന്ന കലാരൂപമാണ് കൂത്ത്. കൂത്തിലും കൂടിയാട്ടത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണമാണ് മിഴാവ്.

കൂടിയാട്ടം

കേരളീയരുടെ നാടകാഭിനയമാണ് കൂടിയാട്ടം. രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ളതാണ് ഈ കലാരൂപം. എ.ഡി.പത്താം ശതകത്തിൽ കേരളത്തിൽ ഭരണം നടത്തിയിരുന്ന കുലശേഖരവർമനും അദ്ദേഹത്തിന്റെ കവിസദസ്സിലെ അംഗമായിരുന്ന മഹാകവി തോലനും ചേർന്നാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയതെന്ന് കരുതുന്നു. മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകലയായി കൂടിയാട്ടത്തെ യുനെസ്‌കോ വിശേഷിപ്പിച്ചിരുന്നു. കലാമണ്ഡലം, മാർഗി എന്നിവിടങ്ങളിൽ കൂടിയാട്ടത്തിന് പരിശീലനം നൽകുന്നുണ്ട്.

കൃഷ്ണനാട്ടം

കോഴിക്കോട് മാനവദേവ രാജാവാണ് കൃഷ്ണനാട്ടം രൂപപ്പെടുത്തിയത്. കൃഷ്ണഗീതി എന്ന മാനവേദ രാജാവിന്റെ കൃതിയാണ് കൃഷ്ണനാട്ടത്തിനു അടിസ്ഥാനം. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ. ശ്രീകൃഷ്ണകഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപമാണ് കൃഷ്ണനാട്ടം. ഗുരുവായൂർ ക്ഷേത്രാങ്കണത്തിലാണ് പ്രധാനമായും കൃഷ്ണനാട്ടം അരങ്ങേറുന്നത്.

തുള്ളൽ

പാലക്കാട് ജില്ലയിലെ കിള്ളിക്കുറുശ്ശി മംഗലത്ത് കലക്കത്ത് വീട്ടിൽ ജനിച്ച കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്. ലളിതവും ഫലിതരസപ്രധാനവുമായ തുള്ളലിന് മൂന്നുവകഭേദങ്ങളുണ്ട്. പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്. കൂടുതൽ പ്രചാരമുള്ളത് ഓട്ടൻ തുള്ളലിനാണ്.

മോഹിനിയാട്ടം

കേരളത്തിന്റെ സ്വന്തമായ നൃത്തകലാരൂപമാണ് മോഹിനിയാട്ടം. തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ നൃത്തം നടത്തുന്നതിന് നിയമിക്കപ്പെട്ടിരുന്ന ദേവദാസികളാണ് മോഹിനിയാട്ടവും അവതരിപ്പിച്ചിരുന്നത്. അതിനാൽ ആദ്യകാലത്ത് ഇത് ദാസിയാട്ടം എന്നും അറിയപ്പെട്ടിരുന്നു.

കേരള നടനം

കഥകളിയിലെ അഭിനയസങ്കേതങ്ങളും കേരളീയ നാടോടി നൃത്തങ്ങളിലെയും ഭരതനാട്യത്തിലെയും നൃത്തസങ്കേതങ്ങളും സംയോജിപ്പിച്ച് ഗുരുഗോപിനാഥ് രൂപം നൽകിയ കലാരൂപമാണ് കേരളനടനം അഥവാ കേരളനൃത്തം.