കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങൾ

പ്രാദേശികവും സാമുദായികവുമായ ആചാരാനുഷ്ഠാനങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസരിച്ച് രൂപപ്പെട്ടവയാണ് അനുഷ്ഠാന കലകള്‍. ഒട്ടനവധി അനുഷ്ഠാനകലകൾ കേരളത്തിലുണ്ട്. 

തിറ - തിറ ദേവതകളെ പ്രീതിപ്പെടുത്താനുള്ള കോലമാണ്. തിറയിൽ ദേവതകളുടെ സ്ഥാനം, ഉറയുന്ന കോമരങ്ങൾക്കാണ്. പടയണിയിലെ പോലെ ദേശവാസികളുടെ മൊത്തം പങ്കാളിത്തത്തോടെയാണ് വടക്കൻ കേരളത്തിലും കോലങ്ങൾ കെട്ടിയാടുന്നത്. തിറയിലെ സ്ത്രീപുരുഷ വേഷങ്ങൾ ശിവ-ശക്തി സങ്കല്പത്തിലുള്ളവയാണ്. പാള, കുരുത്തോല, വാഴപ്പോള തുടങ്ങിയവ കൊണ്ടാണ് തിറയുടെ ചമയങ്ങൾ കൂടുതലും നിർമിക്കുക.

തെയ്യം - കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപമാണ് തെയ്യം. ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. 

മുടിയേറ്റ് - തെക്കൻ കേരളത്തിലും കൊച്ചിയിലും പൊതുവേ അനുഷ്ഠിക്കുന്ന കല. കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപം.

പടയണി - മധ്യ തിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. ദക്ഷിണ കേരളത്തിലെ കടമ്മനിട്ട, ഓതറ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇന്നും അരങ്ങേറുന്നു. തപ്പാണ് പ്രധാന വാദ്യം.

തീയാട്ട് - അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിങ്ങനെ രണ്ടുതരം തീയാട്ടുകളുണ്ട്. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവയാണ് ഇതിന്റെ ചടങ്ങുകൾ. 

കാളിയൂട്ട് - കാളി - ദാരിക പുരാവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള അനുഷ്ഠാന കലാരൂപമാണ് കാളിയൂട്ട്. തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് നടന്നുവരുന്നത്.

അർജ്ജുനനൃത്തം - ദക്ഷിണ കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാന കല. തെക്കൻ കേരളത്തിലെ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തകലയാണ് അർജ്ജുനനൃത്തം. മയിൽപ്പീലിത്തൂക്കം, തൂക്കംപയറ്റ് എന്നീ പേരുകളുമുണ്ട്.

അമ്മാനാട്ടം - തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ പ്രചാരമുള്ള ഒരനുഷ്ഠാന കലയാണ് അമ്മാനാട്ടം. പരമ്പരാഗതമായി വേലൻ സമുദായക്കാരാണ് അമ്മാനാട്ടം അവതരിപ്പിച്ചിരുന്നത്.

അയ്യപ്പൻവിളക്ക് - അയ്യപ്പാരാധനയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചാരമുള്ള ഒരനുഷ്ഠാനമാണ് അയ്യപ്പൻവിളക്ക്. ചെണ്ട, ഇലത്താളം, ഉടുക്ക് തുടങ്ങിയ വാദ്യങ്ങൾ ഇതിനുപയോഗിക്കുന്നു.

ഗന്ധർവൻ പാട്ട് - ഉത്തര - മധ്യ കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് ഗന്ധർവ്വൻ പാട്ട്. ബാധകളെ ഒഴിപ്പിക്കുക എന്നതാണിതിന്റെ സങ്കല്പം.

വേലക്കളി - ക്ഷേത്ര സങ്കേതങ്ങളിൽ പ്രധാനമായും അരങ്ങേറുന്നു. തിരുവനന്തപുരം പത്മനാഭസമി ക്ഷേത്രത്തിൽ ഇപ്പോഴും നടത്തിവരുന്നു.

പാക്കനാർ കളി - തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാനകലയാണ് പാക്കനാർ കളി.

കുമ്മാട്ടി - പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം.

മയിലാട്ടം - പഴയ തിരുവിതാംകൂറിലെ ഒരനുഷ്ഠാന നൃത്തമാണ് മയിലിന്റെ വേഷം കെട്ടിയുള്ള മയിലാട്ടം.

പൂരക്കളി - കളരിമുറയും ആചാരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന ഒരനുഷ്ഠാന കല. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പൂരക്കളി പ്രചാരത്തിലുള്ളത്.

മറുത്തുകളി - പൂരക്കളിയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ധൈഷണികമായ മത്സരക്കളിയാണ് മറുത്തുകളി. രണ്ട് സ്ഥാനക്കാർ തമ്മിൽ (ക്ഷേത്രങ്ങൾ, തറവാടുകൾ) തമ്മിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ കളിയുടെ പ്രത്യേകത.

പൂതനും തിറയും - മുടിയേറ്റും പടയണിയും പോലെ പ്രശസ്തമല്ലെങ്കിലും കാളിയുടെയും ദാരികന്റെയും കഥ പറയുന്ന മറ്റൊരു അനുഷ്ഠാന കല. തെക്കൻ കേരളത്തിലാണ് ഇതുള്ളത്.

മുടിയാട്ടം - സ്ത്രീകൾ വഴിപാടായി അവതരിപ്പിക്കുന്നതാണിത്. തെക്കൻ കേരളത്തിലാണ് മുടിയാട്ടം പ്രധാനമായും ഉള്ളത്. വടക്കൻ കേരളത്തിൽ മുടിയാട്ടം അറിയപ്പെടുന്നത് നീലിയാട്ടം എന്നാണ്. 

നിണബലി - മുടിയേറ്റുമായി വളരെ സാമ്യമുള്ള ഒരു അനുഷ്ഠാന നൃത്ത നാടകമാണ് നിണബലി. നിണബലി നടത്തുന്നത് ബാധകളെ ഒഴിപ്പിക്കാനാണെന്നാണ് വിശ്വാസം.

കാലൻകളി - മധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാന കല. കാലന്റെ വേഷം കെട്ടി വീടുതോറും ചെല്ലുന്നതാണ് ഇതിന്റെ പ്രധാന ഭാഗം.

കുത്തിയോട്ടം - ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാന കലാരൂപം. ചൂരൽ കുത്താണ് പ്രധാന ചടങ്ങ്.

കണ്ണേറുപാട്ട് - കണ്ണേറുദോഷം തീർക്കാനായി ഉത്തര കേരളത്തിൽ നടത്തിയിരുന്ന അനുഷ്ഠാനമാണ് കണ്ണേറുപാട്ട്.

സർപ്പംതുള്ളൽ - കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള ഒരനുഷ്ഠാന കലയാണ് സർപ്പംതുള്ളൽ. സർപ്പപ്രീതിക്കു വേണ്ടിയാണ് ഇത് നടത്താറുള്ളത്.

ഓണത്തുള്ളൽ - തെക്കൻ കേരളത്തിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകലയാണ് ഓണത്തുള്ളൽ.

തോൽപ്പാവക്കൂത്ത് - പാലക്കാട് - പൊന്നാനി പ്രദേശങ്ങളിൽ അരങ്ങേറുന്നു.

കാവടിയാട്ടം - സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലാരൂപം.

സർപ്പം പാട്ട് - സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അരങ്ങേറുന്നു.

തിടമ്പ് നൃത്തം - ദേവീദേവൻമാരുടെ തിടമ്പ് തലയിൽ എടുത്ത് നടത്തുന്ന അനുഷ്ഠാനപരമായ നൃത്തം.

കളമെഴുത്തും പാട്ടും - വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളം വരച്ചു നടത്തുന്ന അനുഷ്ഠാന കല.

കോതാമൂരിയാട്ടം - മലയ സമുദായത്തിലെ ആൺകുട്ടികൾ പശുവിന്റെ രൂപം അരയിൽ ബന്ധിപ്പിച്ചുകൊണ്ട് വീടുകളിൽ ചെന്ന് ആടുന്ന നൃത്തരൂപമാണ് കോതാമൂരിയാട്ടം. ഉത്തര കേരളത്തിലാണ് ഈ കല പ്രചാരത്തിലുള്ളത്.

PSC ചോദ്യങ്ങൾ

1. ക്ഷേത്രങ്ങളിലും മറ്റുമുള്ള ആചാരങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി നടത്തപ്പെടുന്ന കലാരൂപങ്ങൾ അറിയപ്പെടുന്നത് - അനുഷ്ഠാനകല 

2. കൊച്ചി-തിരുവിതാംകൂർ പ്രദേശത്ത് നടക്കുന്ന തീയാട്ട് ഏതാണ് - ഭദ്രകാളിത്തീയാട്ട് 

3. ദേവത തന്നെ നേരിട്ടുവന്ന് നൃത്തം ചെയ്യുന്നു എന്ന സങ്കൽപ്പത്തിൽ നടത്തുന്ന കേരളീയ കലാരൂപങ്ങൾ ഏതെല്ലാം - തെയ്യം, തിറ

4. മുടിയേറ്റ്, പറണേറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന അനുഷ്ഠാനകല എന്തിനെക്കുറിച്ചാണു പറയുന്നത് - ദാരികവധം 

5. തിടമ്പുനൃത്തം ഏതു കലാവിഭാഗത്തിൽപ്പെടുന്നു - അനുഷ്ഠാനനൃത്തം 

6. ഉത്തരകേരളത്തിലുള്ള ഭഗവതിക്കാവുകളിൽ മീനപ്പൂരത്തിന് അവസാനിക്കുന്ന വിധം നടത്തുന്ന അനുഷ്ഠാനനൃത്തം ഏതാണ് - പൂരക്കളി 

7. 'യോഗിനാടകം' എന്ന രംഗം ഏത് അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടിരിക്കുന്നു - പൂരക്കളി 

8. കേരളത്തിലെ ഏത് ജില്ലയിലാണ് കണ്യാർകളി (പൊന്നാനകളി) എന്ന അനുഷ്ഠാനകല പ്രചാരത്തിലുള്ളത് - പാലക്കാട് ജില്ല

9. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനായി പാണ്ഡവന്മാർ നടത്തിയ നൃത്തം എന്ന സങ്കൽപത്തിലുള്ള കലാരൂപം ഏതാണ് - ഐവർകളി 

10. സർപ്പപ്പാട്ട് എന്ന അനുഷ്ഠാനകലയിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതെല്ലാം - പുള്ളുവക്കുടം, പുള്ളുവവീണ, കുഴിതാളം 

11. ദക്ഷിണകേരളത്തിൽ ദേവീക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു അനുഷ്ഠാനകല - അർജ്ജുനനൃത്തം 

12. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പ്രചാരത്തിലുള്ള മയിപ്പീലിത്തൂക്കം (തൂക്കംപയറ്റ്) എന്ന കലാരൂപത്തിന്റെ മറ്റൊരു പേരെന്താണ് - അർജ്ജുനനൃത്തം 

13. പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപം - കുമ്മാട്ടി 

14. പടയണി എന്ന അനുഷ്ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമേത് - തപ്പ് 

15. 'പാന' പ്രചാരത്തിലിരിക്കുന്ന ജില്ലകൾ ഏതെല്ലാം - മലപ്പുറം, തൃശൂർ, പാലക്കാട് 

16. പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി ആരാണ് - കടമ്മനിട്ട രാമകൃഷ്ണൻ 

17. 'തോറ്റം പാടുക' എന്ന ചടങ്ങ് ഏത് അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടിരിക്കുന്നു - പാന 

18. മുടിയേറ്റിലെന്നപോലെ കളം വരയ്ക്കലും പാട്ടും ആട്ടവുമുള്ള നൃത്തപ്രധാനമായ മറ്റൊരു അനുഷ്ഠാനകല - തീയാട്ട് 

19. തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാനകല - പാക്കനാർ കളി 

20. ഉത്തര-മധ്യ കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കല - ഗന്ധർവൻ പാട്ട് (ബാധകളെ ഒഴിപ്പിക്കുക എന്നതാണിതിന്റെ സങ്കൽപ്പം)

21. മധ്യകേരളത്തിൽ പ്രചാരത്തിലുള്ള കാലന്റെ വേഷം കെട്ടി വീടുതോറും ചെല്ലുന്ന ഒരു അനുഷ്ഠാന കല - കാലൻകളി