പടയണി (Padayani)
പടയണിയുടെ ഐതിഹ്യം ഇതാണ്. ദാരികനെ വധിച്ചിട്ടും കാളിയുടെ കോപം അടങ്ങുന്നില്ല. തുടർന്ന് സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവൻ തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങൾ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ. പടയണിയിലെ കഥാപാത്രങ്ങൾ കോലങ്ങളാണ്. ഗണപതി, മാടൻ, അന്തരയക്ഷി, സുന്ദരയക്ഷി, അരക്കിയക്ഷി, ഗന്ധർവൻ, കാലൻ, ദേവത, മംഗലഭൈരവി, ഭൈരവിക്കോലം, മറുതാക്കോലം, കാലാരിക്കോലം, പക്ഷിക്കോലം, കുതിരക്കോലം എന്നിങ്ങനെ പലതരം കോലങ്ങളുണ്ട്. ഓരോ കോലവും ഓരോ ദേവതയാണ്. ഉദാഹരണത്തിന് ഭൈരവിക്കോലം ഭദ്രകാളിയുടെയും കാലാരിക്കോലം ശിവന്റേതുമാണ്. കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളകൊണ്ടാണ്. 16 മുതൽ 101 വരെ പാളങ്ങൾ ഇതിന് എടുക്കാറുണ്ട്. ദേവപ്രീതിയ്ക്കും പകർച്ചവ്യാധികൾ പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള രക്ഷക്കും നല്ല വിളവിനും മറ്റുമാണ് കോലങ്ങൾ കെട്ടുന്നത്. കൂട്ടത്തിൽ വഴിപാടായി കെട്ടുന്ന കോലങ്ങളുമുണ്ട്.
ഉത്സവങ്ങൾക്ക് എന്നപോലെ കൊടിമരം നാട്ടുന്നതോടെയാണ് പടയണിയ്ക്കു തുടക്കമിടുന്നത്. മൊത്തം ഇരുപത്തിയെട്ടു ദിവസത്തെ പരിപാടിയാണ്. ഇന്ന് ഒന്ന് മുതൽ നാലുദിവസം വരെയാക്കി പടയണികൾ പലയിടത്തും ചുരുക്കിയിട്ടുണ്ട്. ചൂടുവയ്‌പ്, തപ്പുമേളം, താവടി, പുലവൃത്തം, പരദേശി, കുതിര എന്നിങ്ങനെ ഓരോ ദിവസം ഓരോ ചടങ്ങാണ്. ആദ്യകാലത്ത് മൂന്നാം ദിവസം മുതലാണ് കോലങ്ങൾ കെട്ടിയാടുക. ആദ്യത്തേത് ഗണപതിക്കോലമായിരിക്കും. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് മുൻകാലത്ത് പടയണി നടത്തിയിരുന്നത്. സാധനസാമഗ്രഹികൾ മുതൽ കോലം വരയ്ക്കലും കെട്ടിയാടലും വരെ ഓരോന്നും ഓരോ സമുദായക്കാരാണ് നിർവഹിച്ചിരുന്നത്. ഇന്നും ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ രാത്രിയിലാണ് പടയണി അവതരിപ്പിക്കാറ്. പടയണിയിലെ നൃത്തങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ് 'കലായം' എന്നത്. പ്രത്യേകമായ താളത്തിലും ഈണത്തിലുമുള്ളവയാണ് പടയണിപ്പാട്ടുകൾ. പടയണിയിലെ പ്രധാന വാദ്യം തപ്പാണ്. ഇതിനു പുറമേ ചെണ്ട, വീക്കൻ ചെണ്ട, ഇലത്താളം, കുറുംകുഴൽ തുടങ്ങിയ വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്. എ.ഡി എട്ടാം നൂറ്റാണ്ടു മുതലേ പടയണി നിലവിലുണ്ടായിരുന്നതായി സൂചനകളുണ്ട്. ദക്ഷിണ കേരളത്തിലെ കടമ്മനിട്ട, ഓതറ തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും അരങ്ങേറുന്നു.
PSC ചോദ്യങ്ങൾ
1. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല - പടയണി
2. പടയണിയുടെ മറ്റൊരു പേര് - പടേനി
3. പടയണിയുടെ അർഥം - സൈന്യത്തിന്റെ നീണ്ട നിര
4. ചൂട്ടുകത്തിച്ച് അവതരിപ്പിക്കുന്നതിനാൽ പടയണിയെ പറയുന്നത് - ചൂട്ടുപടേനി
5. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി - കടമ്മനിട്ട വലിയപടേനി
6. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ - പടയണി
7. പടയണിയുടെ ഐതിഹ്യം - ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലം കെട്ടി തുള്ളിയതിന്റെ സ്‌മരണ
8. ദാരികനെ വധിക്കാൻ വേണ്ടി ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ദേവത ആര് - കാളി
9. പടയണിയുടെ ജന്മസ്ഥലം - കടമ്മനിട്ട (പത്തനംതിട്ട)
10. പടയണി എന്ന അനുഷ്‌ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമേത്? - തപ്പ്
11. പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി പടയണി ഗ്രാമം എന്ന ആശയം മുന്നോട്ട് വച്ച കലാകാരൻ - കടമ്മനിട്ട രാമകൃഷ്‌ണൻ
12. പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി ആരാണ്? - കടമ്മനിട്ട രാമകൃഷ്‌ണൻ
0 Comments