കേരളത്തിലെ നാടൻ - നാടോടി കലാരൂപങ്ങൾ

നാടൻ കലകളാൽ സമ്പന്നമാണ് കേരളം. കേരളത്തിലെ പ്രാചീന ജീവിതരീതികൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഉപാധികളാണ് കേരളീയ നാടൻ കലകൾ. നാടുവാഴിത്തവും നാട്ടുകൂട്ടായ്മയും നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ ഒരു ജനതയുടെ ആഗ്രഹസാഫല്യങ്ങളായിരുന്നു ഇത്തരം കലാരൂപങ്ങൾ. വിശ്വാസം, തൊഴിൽ, അനുഷ്ഠാനം, ആചാരം, സാമൂഹികഘടന, ഋതുഭേദം, വിളവെടുപ്പ് എന്നിങ്ങനെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നാടൻ കലകൾ വികസിച്ചുവന്നത്. അധ്വാനവുമായും അനുഷ്ഠാനവുമായും ഇഴചേർന്നുനിൽക്കുന്ന ഈ കലാരൂപങ്ങളെല്ലാം അടിസ്ഥാനപരമായി കീഴാളസമൂഹത്തിന്റെ കലാപ്രകടനങ്ങളാണ്. എങ്കിലും ജനകീയ പങ്കാളിത്തമുള്ള ഉത്സവങ്ങൾ കൂടിയായിരുന്നു. പ്രാചീന കേരളീയ സാമൂഹികജീവിതത്തിന്റെ പ്രതിഫലനം കൂടി ആയിരുന്ന ചില നാടോടി കലാരൂപങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. മുടിയേറ്റ്, നിണബലി തുടങ്ങിയവ അനുഷ്ഠാനപരമായ നാടോടി നാടകങ്ങളാണ്.

യക്ഷഗാനം, ആര്യമാലനാടകം, കണ്യാർകളി, തോൽപ്പാവക്കൂത്ത്, വില്ലടിച്ചാൻ പാട്ട്, ഗദ്ദിക, കരുനീലിയാട്ടം, പണിയർകളി, പാവക്കഥകളി, മീനാക്ഷി കല്യാണം, ഓണത്തല്ല്, കുമ്മി, കുതിരകളി, കരടികളി, പുലിക്കളി, താലംകളി, കൈകൊട്ടിക്കളി, കോൽക്കളി, കോലാട്ടം, കോലംതുള്ളൽ, ആടിവേടൻ, ചിമ്മാനക്കളി, തെയ്യം, ഒപ്പന, മുടിയേറ്റ്, പടയണി, ആലമ്മാല നാടകം, കെട്ടുകാഴ്ച, പാണക്കളി, ഗരുഡൻതൂക്കം തുടങ്ങിയവ കേരളത്തിന്റെ നാടൻ-നാടോടി കലകളാണ്.

കേരളത്തിലെ നാടൻ - നാടോടി കലകൾ

യക്ഷഗാനം - കാസർഗോഡ് ജില്ലയിലും പരിസരപ്രദേശങ്ങളിലും മാത്രമായി പ്രചാരത്തിലിരിക്കുന്ന നാടൻകലാരൂപമാണ് യക്ഷഗാനം. യക്ഷഗാനം 'ബയലാട്ടം' എന്നും അറിയപ്പെടുന്നു.

മീനാക്ഷി കല്യാണം - പാലക്കാട് ജില്ലയിൽ പ്രചാരമുള്ള നാടോടി നാടകരൂപമാണ് മീനാക്ഷികല്യാണം. കഥകളിയും നാടകവും യോജിപ്പിച്ചുള്ള ഒരു മിശ്രകലാരൂപമാണിത്. തമിഴ് ബ്രാഹ്മണർക്കിടയിലാണ് ഈ കലാരൂപമുള്ളത്.

വില്ലടിച്ചാൻ പാട്ട് - തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കലാരൂപമാണ് വില്ലടിച്ചാൻ പാട്ട്.

പാവക്കഥകളി - മനുഷ്യർക്ക് പകരം കഥകളി വേഷത്തിലുള്ള പാവകളെ ഉപയോഗിച്ചു നടത്തുന്ന ഒരുതരം കഥകളിയും നിലവിലുണ്ട്; 'പാവക്കഥകളി'. കഥകളി ശാസ്ത്രീയ കലയാണെങ്കിലും പാവക്കഥകളി നാടൻ കലാരൂപമാണ്. സംഗീതോപകരണങ്ങൾ വായിക്കുന്നവർ ഉൾപ്പെടെ ഏഴു പേർ ഇതിന് വേണം. പാവകളെ കളിപ്പിക്കുന്നവർ തന്നെയാണ് പാട്ടുപാടുന്നതും.

പണിയർകളി - മലബാറിലെ ആദിവാസി വിഭാഗക്കാർക്കിടയിലെ വിനോദ കലയാണ് പണിയർകളി.

കരുനീലിയാട്ടം - വടക്കൻ കേരളത്തിൽ നിലനിന്നുപോന്ന നാടൻകലാരൂപമാണ് കരുനീലിയാട്ടം. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഇത് ഒരു നൃത്തസംഗീത നാടകം പോലെയാണെന്നു പറയാം. 'കരുനീലി'യോടുള്ള ആരാധനയുടെ ഭാഗമായാണ് കരുനീലിയാട്ടം രൂപപ്പെട്ടത്.

പൊറാട്ടുനാടകം - സാധാരണക്കാരുടെ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ ചോദ്യോത്തര രൂപത്തിൽ അവതരിപ്പിക്കുന്ന കലയാണ് പൊറാട്ടുനാടകം. ഇന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരമ്പോക്കിനായി ഇത് അവതരിപ്പിക്കാറുണ്ട്.

കണ്യാർകളി - ഭഗവതിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും നടത്തിയിരുന്ന ഒരു കലാരൂപമാണ് കണ്യാർകളി. ദേശത്തുകളി എന്നും ഇതിന് പേരുണ്ട്. 

തോൽപ്പാവക്കൂത്ത് - ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാരൂപമാണ് തോൽപ്പാവക്കൂത്ത്. നിഴൽ നാടകരൂപത്തിലുള്ള ഇതിന്റെ ഇതിവൃത്തം തമിഴ് കവി കമ്പരുടെ രാമായണത്തെ ആസ്പദമാക്കിയുള്ളതാണ്.

ഗദ്ദിക - വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ ചടങ്ങാണ് ഗദ്ദിക. ഗദ്ദിക എന്നാൽ ഒഴിപ്പിക്കുക എന്നർത്ഥം. 

മുടിയേറ്റ് - മധ്യകേരളത്തിലും തിരുവിതാംകൂറിന്റെ വടക്കൻ ഭാഗങ്ങളിലും നിലനിൽക്കുന്ന അനുഷ്ഠാന നാടകമാണ് മുടിയേറ്റ്. കൈലാസം തൊട്ട് പാതാളം വരെയുള്ള വ്യത്യസ്ത ലോകങ്ങളിലായിട്ടാണ് കഥ നടക്കുന്നത്. വൈവിധ്യമാർന്ന ചടങ്ങുകൾ ഈ നാടകത്തിന്റെ പ്രത്യേകതയാണ്.

നിണബലി - തലശ്ശേരി - നാദാപുരം ഭാഗങ്ങളിൽ നിലവിലുള്ള ഉച്ചാടനകർമത്തിന്റെ ഭാഗമായി നടത്താറുള്ളതായിരുന്നു ഈ നാടകം. മലയ സമുദായക്കാരും പാണന്മാരും ആയിരുന്നു കാർമികന്മാർ. തറവാടുകളിലെ ബാധ ഒഴിപ്പിക്കൽ, ശത്രുദോഷം മുതലായവ മാറാനും തറവാടുവീടുകളിലെ ഐശ്വര്യത്തിനും വേണ്ടിയായിരുന്നു നിണബലി നടത്തിയിരുന്നത്.