കേരളത്തിലെ വാദ്യങ്ങൾ

വാദ്യം എന്നാൽ വാദ്യോപകരണം എന്നാണർത്ഥം. ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണമാണ് ഡ്രംസ്. 'നാട്യശാസ്ത്രം' രചിച്ച ഭരതമുനി സംഗീതോപകരണങ്ങളെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - തന്ത്രി വാദ്യങ്ങൾ, അവനദ്ധ വാദ്യങ്ങൾ, സുഷിര വാദ്യങ്ങൾ, ഘന വാദ്യങ്ങൾ. ഏതു വസ്തുകൊണ്ടാണ് സംഗീതോപകരണം നിർമിക്കപ്പെട്ടിട്ടുള്ളത്, എങ്ങനെയാണ് അവ സംഗീതം പുറപ്പെടുവിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

തന്ത്രി വാദ്യങ്ങൾ

തന്ത്രികൾ ഉപയോഗിച്ച് നാദം ഉണ്ടാക്കുന്ന വാദ്യങ്ങളാണ് തന്ത്രി വാദ്യങ്ങൾ അഥവാ തതവാദ്യങ്ങൾ. ഇവ തന്ത്രികളുടെ കമ്പനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാദ്യങ്ങളാണ്. വീണ, തംബുരു എന്നിവ തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. 

അവനദ്ധ വാദ്യങ്ങൾ

'അവനദ്ധം' എന്ന സംസ്കൃതവാക്കിന്റെ അർത്ഥം മൂടപ്പെട്ടത്, പൊതിയപ്പെട്ടത് എന്നെല്ലാമാണ്. പൊള്ളയായ വസ്തുവിന്റെ തുറന്ന ഭാഗത്ത് തുകൽ മുറുക്കി ബന്ധിച്ചാണ് അവനദ്ധ വാദ്യങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ അവയെ തുകൽ വാദ്യങ്ങൾ അല്ലെങ്കിൽ ചർമ്മ വാദ്യങ്ങൾ എന്നും വിളിക്കുന്നു. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ അവനദ്ധ വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

സുഷിര വാദ്യങ്ങൾ

സുഷിരങ്ങളിലൂടെ വായു കടന്നുപോകുമ്പോൾ നാദമുണ്ടാക്കുന്ന ഉപകരണങ്ങളാണ് സുഷിര വാദ്യങ്ങൾ. ഇവ ഉച്‌ഛ്വാസ വായു ഉപയോഗിച്ച് വായിക്കുന്നു. സുഷിര വാദ്യങ്ങൾക്ക് കുഴൽ വാദ്യങ്ങൾ എന്നും പേരുണ്ട്. ശംഖ്, ഓടക്കുഴൽ, നാദസ്വരം എന്നിവ സുഷിര വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ഘന വാദ്യങ്ങൾ

മണ്ണ്, തടി, ലോഹങ്ങൾ തുടങ്ങിയവകൊണ്ടാണ് ഘനവാദ്യങ്ങൾ നിർമ്മിക്കുന്നത്. മിക്ക ഘനവാദ്യങ്ങളും താളം പകരുവാനാണ് ഏറെയും ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിൽ ഇവയെ ഉപതാളവാദ്യങ്ങളായാണ് കണക്കാക്കുന്നത്. ചേങ്ങില, ഇലത്താളം, കോൽ, ഓണവില്ല് തുടങ്ങിയ കേരളത്തിലെ ഘന വാദ്യങ്ങളാണ്.

താള വാദ്യങ്ങൾ

മിഴാവ്, തകിൽ, ചെണ്ട, മദ്ദളം, ഉടുക്ക്, തിമില, മൃദംഗം, ദഫ്, ഇടയ്ക്ക് തുടങ്ങിയവ താള വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

പഞ്ചവാദ്യം 

പല തരത്തിൽപ്പെട്ട അഞ്ചു വാദ്യങ്ങൾ ചേർന്നൊരുക്കുന്ന താളലയമാണ് പഞ്ചവാദ്യം. പാശ്ചാത്യരുടെ സിംഫണി പോലെ. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നീ അഞ്ച് വാദ്യങ്ങൾ ചേർന്നതാണ് പഞ്ചവാദ്യം.