മുടിയേറ്റ് (Mudiyettu)

മധ്യകേരളത്തിൽ പ്രധാനമായും പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് മുടിയേറ്റ്. ഭദ്രകാളി ദാരികനെ പോരിനു വിളിക്കുന്നതും അവർ തമ്മിൽ യുദ്ധം ചെയ്യുന്നതും ദാരികനെ വധിക്കുന്നതുമാണ് മുടിയേറ്റിലെ ഇതിവൃത്തം. ആദ്യമായി, മുടിയേറ്റുണ്ടെന്ന് ദേശക്കാരെ അറിയിക്കാൻ 'കൊട്ടിയറീക്കൽ' നടത്തും. കഥകളിയിലെ കേളികൊട്ടു പോലെയാണത്. തുടർന്ന് ഭദ്രകാളിക്കളം വരയ്ക്കും. ദാരികനെ കൊന്നിട്ടും കോപം അടങ്ങാത്ത ഭദ്രകാളിയുടെ അപ്പോഴത്തെ രൂപം സുബ്രഹ്മണ്യൻ വഴിയിൽ വരച്ചെന്നും അതുകണ്ട് കാളി ശാന്തയായെന്നുമുള്ള കഥയാണ് കളം വരയ്ക്കലിന് അടിസ്ഥാനം. 

വരച്ചു കഴിഞ്ഞ് കളത്തിലെ വിളക്കിൽ നിന്ന് തിരി കത്തിച്ച് വേദിയിലെ ആട്ടവിളക്ക് തെളിക്കുന്നതോടെയാണ് ശരിക്കും മുടിയേറ്റ് ആരംഭിക്കുന്നത്. ഇതിലൂടെ കളത്തിലെ ദേവീചൈതന്യം വേദിയിലെത്തുന്നു എന്നാണ് വിശ്വാസം. രണ്ടുപേർ തിരശ്ശീലയുമായി വന്ന് ആട്ടവിളക്കിനു പിന്നിൽ നിൽക്കുന്നു. അടുത്തതായി തിരശ്ശീലക്കു പിന്നിൽ ശിവന്റെ തലയും കാളയുടെ രൂപവും പ്രത്യക്ഷപ്പെടുന്ന തിരനോട്ടം. ദാരികനെ കുറിച്ചുള്ള പരാതികൾ നാരദൻ ശിവനെ അറിയിക്കുന്ന ശിവനാരദസംവാദം മുതൽ ആകെ എട്ടു രംഗങ്ങളാണ് മുടിയേറ്റിനുള്ളത്. ദാരികവധത്തിനു ശേഷം മുടിയഴിച്ച് ഭൂതഗണങ്ങൾക്ക് ബലി കൊടുക്കുന്നതാണ് അവസാനരംഗം. ഓരോ രംഗത്തിനും യോജിച്ച തരത്തിൽ ഇരുന്നാട്ടം, പതിഞ്ഞാട്ടം, ഇളകിയാട്ടം എന്നീ മൂന്നുതരം ആട്ടങ്ങളും മുടിയേറ്റിലുണ്ട്.

മുടിയേറ്റിലെ പ്രധാനഭാഗം കാളിയും ദാരികനുമായുള്ള സംവാദവും യുദ്ധവുമാണ്. അതു കാവിലോ ക്ഷേത്രത്തിലോ ഒരുക്കുന്ന വേദിയിൽ മാത്രം ഒതുങ്ങണമെന്നില്ല. മുൻകാലത്ത് ഗ്രാമാതിർത്തിയോളം അത് എത്തുമായിരുന്നു. സദസ്യർക്കിടയിലൂടെയും കഥാപാത്രങ്ങൾ ഓടി നടക്കും. പന്തം (തീവെട്ടി) പിടിച്ചു കൊണ്ടാണ് ഈ പോക്ക്. ഇടയ്ക്കിടെ പന്തത്തിലേക്ക് തെള്ളിപ്പൊടി വിതറും. ഇതോടൊപ്പം ചെണ്ട, പറ തുടങ്ങിയ വാദ്യങ്ങൾ ഉച്ചത്തിൽ മുഴക്കുന്നുണ്ടാകും. ഒപ്പം ആളുകളുടെ ആർപ്പുവിളികളും പല ഭാഗങ്ങളിൽ നിന്നുള്ള താലപ്പൊലിയുമെല്ലാം ചേർന്ന് ഒരു പ്രത്യേകാന്തരീക്ഷം തന്നെ രൂപപ്പെടും.

PSC ചോദ്യങ്ങൾ

1. കേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാണപ്പെടുന്ന അനുഷ്‌ഠാന കല - മുടിയേറ്റ് 

2. പ്രധാനമായും കേരളത്തിൽ നടന്നുവരുന്ന ഭദ്രകാളി പ്രീതിക്കായുള്ള അനുഷ്‌ഠാന കല - മുടിയേറ്റ് 

3. മുടിയേറ്റിന്റെ പ്രമേയം - ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം 

4. കൂടിയാട്ടത്തിനുശേഷം കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകപട്ടികയിൽ ഇടം നേടിയ കലാരൂപം - മുടിയേറ്റ് 

5. കാളി - ദാരികപുരാവൃത്തം ഇതിവൃത്തമായുള്ള കലാരൂപം - മുടിയേറ്റ് 

6. മുടിയേറ്റിലുള്ള കഥാപാത്രങ്ങൾ - ഭദ്രകാളി, ദാരികൻ, ശിവൻ, നാരദൻ, ദാനവേന്ദ്രൻ, കോയിമ്പടനായർ, കൂളി 

7. മുടിയേറ്റിലുള്ള രംഗങ്ങളുടെ എണ്ണം - എട്ട് 

8. മുടിയേറ്റിന്റെ ആരംഭ രംഗം - ശിവനാരദസംവാദം 

9. മുടിയേറ്റിന്റെ അവസാന രംഗം - ദാരികവധം 

10. മുടിയേറ്റിന് സമാനമായ മധ്യതിരുവിതാംകൂറിലെ കലാരൂപം - മുടിയെടുപ്പ്