കൃഷ്ണനാട്ടം (Krishnanattam)

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുമൊക്കെ ചേർന്ന കലാരൂപമാണിത്. ഒരുക്കത്തിലും വേഷത്തിലും കൂടിയാട്ടത്തോടും നങ്ങ്യാർകൂത്തിനോടാണ് സാമ്യം. രീതികൾ കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയുമാണ്. കൃഷ്ണനാട്ടമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊയ്മുഖ (മുഖംമൂടി) വേഷങ്ങളുള്ള ക്ഷേത്രകല. 

സാമൂതിരിയുടെ രാജ്യത്തിനകത്ത് മാത്രമായിരുന്നു കൃഷ്ണനാട്ടം പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കല ഉത്തരകേരളത്തിൽ മാത്രമായി ഒതുങ്ങി. കോവിലകങ്ങളും നമ്പൂതിരി ഇല്ലങ്ങളും ഇതിന്റെ വേദികളായിരുന്നു. കൃഷ്ണനാട്ടം കലാകാരന്മാരുടെ സംഘമാണ് 'കൃഷ്ണനാട്ടം കളിയോഗം' എന്നറിയപ്പെടുന്നത്. ഇന്ന് ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ മാത്രമാണ് കൃഷ്ണനാട്ടം കളിയോഗം ഉള്ളത്. കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടക കുണ്ഡലങ്ങൾ, ഉടുത്തുകെട്ട് മുതലായവ പിൽക്കാലത്ത് രൂപംകൊണ്ട കഥകളിയിലെ വേഷാലങ്കാരങ്ങൾക്ക് പ്രചോദനമായി എന്നു പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാവതരണം, ധനാശി എന്നിങ്ങനെയാണ് കൃഷ്ണനാട്ടത്തിന്റെ അവതരണ ക്രമം. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള കലാരൂപമാണിത്.

PSC ചോദ്യങ്ങൾ

1. കോഴിക്കോട്ട് മാനവേദൻ രാജാവ് അവതരിപ്പിച്ച കലാരൂപം ഏതാണ് - കൃഷ്ണനാട്ടം 

2. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് - മാനവേദരാജാവ് (കോഴിക്കോട് സാമൂതിരി)

3. കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രാങ്കണം - ഗുരുവായൂർ 

4. കേരളത്തിലെ ആദ്യത്തെ നൃത്ത നാടകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഉപാസനകല - കൃഷ്ണനാട്ടം 

5. കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി (ഗീതാ ഗോവിന്ദത്തെ അനുകരിച്ച് സംസ്കൃത ഭാഷയിൽ എഴുതപ്പെട്ടത്) രചിച്ചത് - മാനവേദരാജാവ് (കോഴിക്കോട് സാമൂതിരി) 

6. കൃഷ്ണനാട്ടത്തിന്റെ പ്രധാന ചടങ്ങുകൾ - കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാരംഭം, ധനാശി

7. കൃഷ്ണനാട്ടത്തിന്റെ മറ്റു പേരുകൾ - കൃഷ്ണനാടകം, കൃഷ്ണാഷ്ടകം 

8. കൃഷ്ണനാട്ടത്തിന്റെ പശ്ചാത്തല വാദ്യങ്ങൾ - ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ് 

9. ശ്രീകൃഷ്ണകഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപം - കൃഷ്ണനാട്ടം 

10. ഏറ്റവും കൂടുതൽ പൊയ്‌മുഖവേഷങ്ങളുള്ള കലാരൂപം - കൃഷ്ണനാട്ടം

11. കൃഷ്ണനാട്ടത്തിനു അടിസ്ഥാനമായ മാനവേദ രാജാവിന്റെ കൃതി - കൃഷ്ണഗീതി