കേരളത്തിലെ ശ്രാവ്യ കലാരൂപങ്ങൾ

കേൾക്കുന്ന മാത്രയിൽ മനുഷ്യമനസ്സിൽ അനുഭൂമി ഉളവാക്കുന്ന മധുരമായ സംഗീതം കാതിനും മനസ്സിനും ഒരേ പോലെ ഇമ്പം നൽകുന്നു. മനുഷ്യ മനസ്സുകളെ തരളിതവും മൃദുലവുമാക്കാൻ കെല്പുള്ള കലാരൂപങ്ങളിൽ പ്രധാനപ്പെട്ടതാണ് സംഗീതം. കേരളത്തിന്റെ സംഗീതപാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അനുഷ്ഠാന കലകളിലെയും നാടൻകലാരൂപങ്ങളിലെയും വള്ളംകളിപോലുള്ള വിനോദങ്ങളിലെയും പാട്ടുകൾ, ആദിവാസിപ്പാട്ടുകൾ, നാടൻ പാട്ടുകൾ എന്നിവ ഇതിൽപ്പെടുന്നു. ഇവയിൽ പലതും ശാസ്ത്രീയമായി അഭ്യസിക്കുന്നതോ കൃത്യമായി ചിട്ടപ്പെടുത്തിയതോ അല്ല. ഗായകന്റെ ഇംഗിതത്തിനും സന്ദർഭത്തിനുമനുസരിച്ച് മാറ്റങ്ങൾ വരുത്താനാവുന്ന അയഞ്ഞ ഘടനയുള്ള ഗാനരൂപങ്ങളാണിവ. താളാധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ, കേരളത്തിന്റെ തനതുസംഗീതരൂപമാണ് സോപാനസംഗീതം. സോപാനസംഗീതത്തിന്റെ ഏറ്റവും മികച്ച മാതൃക കഥകളിസംഗീതമാണ്. ഭാരതീയ ശാസ്ത്രീയ സംഗീതത്തിലെ രണ്ടു പ്രധാനധാരകളായ കർണാടക സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും കേരളം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി, കുട്ടികുഞ്ഞു തങ്കച്ചി, കെ.സി.കേശവപിള്ള തുടങ്ങിയവർ മുതൽ സമകാലികർ വരെ നീളുന്ന പാരമ്പര്യമുണ്ട് കേരളസംഗീതത്തിന്. 

കേരളത്തിലെ ശ്രാവ്യകലകൾ

■ മാർഗ്ഗ സംഗീതം

ആദ്യമായി ഉടലെടുത്ത സംഗീത ശാഖയാണ് മാർഗ്ഗ സംഗീതം. വേദോച്ചാരണങ്ങൾക്കും യാഗങ്ങൾക്കും ഉപയോഗിച്ചിരുന്നു. മതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രങ്ങളിലും പ്രധാനമായി ഉപയോഗിച്ചിരുന്നു. നിശ്ചിതമായ ചിട്ടകളെയും തത്വങ്ങളെയും ആധാരമാക്കുന്ന ക്ലാസിക്കൽ പാരമ്പര്യമാണ്. 

■ ദേശി സംഗീതം 

പ്രാദേശിക സംഗീത രീതികളിൽ നിന്ന് ഉരിത്തിരിഞ്ഞ് വന്നതും ചിട്ടകളിൽ അയവുള്ളതുമായ പാരമ്പര്യമാണ് ദേശി സംഗീതം. ഗ്രാമ്യ സംഗീതം, ഗ്രാമീണ സംഗീതം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ നിന്നും ഉടലെടുത്ത വ്യത്യസ്ത ശൈലികൾ ക്രോഡീകരിച്ചുണ്ടായ രണ്ടു പ്രധാന ശാഖകളാണ് കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവ.

■ സോപാന സംഗീതം 

ദ്രാവിഡ സംഗീതത്തിന്റെ തുടർച്ച എന്നറിയപ്പെടുന്ന കേരളത്തിന്റെ തനത് സംഗീത ശൈലിയാണ് സോപാന സംഗീതം. ഞെരളത്ത് രാമപ്പൊതുവാൾ (ആത്മകഥ - സോപാനം). സോപാന സംഗീതത്തിന്റെ ജനകീയ ആവിഷ്ക്കാരമായ ജനഹിത സോപാനം ആവിഷ്ക്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ഇടയ്ക്കയാണ് സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന വാദ്യം. സോപാനം എന്നത് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ചവിട്ട് പടിയാണ്. ക്ഷേത്രത്തിന്റെ സോപാനത്തിൽ നിന്ന് കൊണ്ട് പൂജാവേളയിൽ മാരാർ, ഇടയ്ക്ക കൊട്ടി പാടുന്നതിനെയാണ് 'കൊട്ടിപ്പാടി സേവ' എന്നു പറയുന്നത്. സോപാന സംഗീതത്തിന്റെ പ്രധാനപ്പെട്ട ശാഖയാണ് അരങ്ങ് സംഗീതം. ഇതിനെ അഭിനയ സംഗീതം എന്നും പറയാം. അരങ്ങിൽ ഗായകൻ പാടുകയും വാദ്യക്കാരൻ കൊട്ടുകയും നടൻ അതനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യും. ഇതാണ് അരങ്ങ് സംഗീതം. ഉദാഹരണം - കഥകളി, കൂടിയാട്ടം, കൃഷ്ണനാട്ടം, മുടിയേറ്റ്, അർജുന നൃത്തം. ഭൂപാളമാണ് സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന രാഗം. 

■ കർണ്ണാടക സംഗീതം

ദക്ഷിണേന്ത്യയുടെ സംഗീതമാണ് കർണാടക സംഗീതം. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസന്റെ കാലത്താണ് അതിന്റെ തുടക്കം. ഭക്തിയും സംഗീതവും ഒന്നിച്ചൊഴുകിയ വഴികളിലാണ് കർണാടക സംഗീതം ഉറവയെടുത്തത്. പുരന്ദരദാസൻ തുടങ്ങിയ ആചാര്യന്മാർക്ക് ഭക്തിയും സംഗീതവും ജീവിതവും ഒന്നു തന്നെയായിരുന്നു. എല്ലാം മറന്നുള്ള അവരുടെ നാദോപാസന കർണാടക സംഗീതത്തിന്റെ വളർച്ചയ്ക്കു കാരണമായി. ഒരു ദക്ഷിണേന്ത്യൻ നദി പോലെ അത് കർണാടകത്തിലും തമിഴ്‌നാട്ടിലുമൊഴുകി കേരളത്തിലുമെത്തി. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ കാലത്താണ് കേരളത്തിൽ കർണാടക സംഗീതം എന്നറിയപ്പെടുന്ന ആധുനിക ദക്ഷിണേന്ത്യൻ സംഗീതം പ്രചരിച്ച് തുടങ്ങിയത്. കർണാടക സംഗീതം കേരളത്തിലേക്കുകൊണ്ടുവന്നത് സംഗീതത്തിന്റെ മാധുര്യം മാത്രമല്ല. ചരിത്രം, സംസ്കാരം, സൗന്ദര്യബോധം തുടങ്ങി പലതും അതു നമക്കു നൽകി. 

■ നാടൻ പാട്ടുകൾ

കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടൻ പാട്ടുകൾ. ആളുകളുടെ തൊഴിലിനെ ആസ്പദമാക്കിയാണ് നാടൻ പാട്ടുകൾ ഉത്ഭവിച്ചത്. ഓരോ തൊഴിലിനും യോജിച്ച ഈണത്തിൽ വളരെ സാധാരണമായ നാടൻ വാക്കുകൾ കൊണ്ടാണ് ഈ പാട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. ദൈവത്തെ പ്രാർത്ഥിക്കുവാനും പ്രകൃതിയെ ആരാധിക്കുവാനും തനതായ നാടൻ പാട്ടുകൾ ഉണ്ട്. നിലമുഴുന്ന പുരുഷന്മാർ പാടുന്ന നാടൻ പാട്ടുകളല്ല വിളവെടുപ്പുകാലത്ത് പാടുന്നത്. കാർഷിക വൃത്തി എങ്ങനെ വേണമെന്ന് ഈ പാട്ടിലൂടെ മനസ്സിലാക്കാം.

■ കഥാപ്രസംഗം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സമൂഹത്തിലെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണ് കഥാപ്രസംഗം. ഒരു കഥാപ്രസംഗകനും കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗ സദസ്സ്. കഥാപ്രസംഗകനെ കാഥികൻ എന്നു വിളിക്കുന്നു. കാഥികൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.

■ സമകാലിക ലളിത സംഗീതം

മലയാളത്തിലെ ഏറ്റവും ജനകീയമായ കലാശാഖയാണ് ലളിത സംഗീതം. ഉദാഹരണം - ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവ. കവിതകൾക്ക് വ്യത്യസ്തമായ ഈണവും താളവും നൽകിയാണ് ഗാനമാക്കി മാറ്റുന്നത്. ഈ ശാഖയെ ജനങ്ങളിലെത്തിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് ആകാശവാണി, ദൂരദർശൻ എന്നീ സ്ഥാപനങ്ങൾ.

PSC ചോദ്യങ്ങൾ

1. കേരളത്തിന്റെ തനത് സംഗീതമായി കരുതുന്നത് ഏതിനെയാണ് - സോപാനസംഗീതം 

2. കൂടിയാട്ടത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് - മിഴാവ് 

3. 'അഭിനയസംഗീതം' എന്ന ഗ്രന്ഥം എഴുതിയതാര് - അയ്‌മനം കൃഷ്ണക്കൈമൾ 

4. ഏതു വൃക്ഷത്തിന്റെ തടിയാണ് സാധാരണയായി ചെണ്ടയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് - പ്ലാവ് 

5. സോപാനസംഗീതത്തിനൊപ്പം വായിക്കുന്ന വാദ്യോപകരണം ഏതാണ് - ഇടയ്ക്ക

6. സാധാരണ മദ്ദളം ഏതു പേരിലാണ് അറിയപ്പെടുന്നത് - ശുദ്ധമദ്ദളം 

7. കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ കളംപാട്ടിന്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് - നന്തുണി 

8. ചെണ്ട, മദ്ദളം, തിമില എന്നിവ ഏത് വാദ്യവിഭാഗത്തിൽപ്പെടുന്നു - തുകൽവാദ്യം 

9. കർണാടകസംഗീതത്തിന് വളരെയധികം സംഭാവനകൾ നൽകിയ തിരുവിതാംകൂർ മഹാരാജാവ് - സ്വാതി തിരുനാൾ 

10. ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മസ്ഥലം - രാമമംഗലം (എറണാകുളം ജില്ല)

11. ഹിന്ദുസ്ഥാനി സംഗീതകൃതികൾ രചിച്ച ആദ്യ ദക്ഷിണേന്ത്യൻ സംഗീതജ്ഞൻ - സ്വാതി തിരുനാൾ 

12. സ്വാതി തിരുനാൾ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത് ഏത് ഭാഷയിലാണ് - സംസ്കൃതം 

13. 'ഉത്സവപ്രബന്ധം' എന്ന കൃതിയുടെ കർത്താവാര് - സ്വാതി തിരുനാൾ 

14. ഞരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതശാഖയുമായി ബന്ധപ്പെട്ട വ്യക്തിയാണ് - സോപാന സംഗീതം

15. ക്ഷേത്രങ്ങളിലെ ശ്രീകോവിലിനു മുൻപിലെ പടിക്കെട്ടിന് (സോപാനത്തിന്) അതിനടുത്തുനിന്ന് ക്ഷേത്രപൂജാവേളയിൽ ഇടയ്ക്ക കൊട്ടി ജയദേവന്റെ ഗീതാഗോവിന്റെ ശൈലിയിൽ പാടുന്ന സംഗീതസമ്പ്രദായം - സോപാനസംഗീതം