പ്രത്യക്ഷ രക്ഷാ ദൈവസഭ

അടിച്ചമർത്തപ്പെട്ട ദളിത് ജനതയുടെ വിമോചനത്തിനായി ജീവിതം മാറ്റിവച്ച മനുഷ്യസ്നേഹിയാണ് പൊയ്കയിൽ യോഹന്നാൻ എന്ന കുമാരഗുരുദേവൻ. എഴുത്തും വായനയും അഭ്യസിച്ച അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഉപദേശിയായിത്തീർന്നു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയിൽ മനംമടുത്ത് ക്രിസ്തുമതം സ്വീകരിച്ച അദ്ദേഹത്തിന് അവിടെയും നേരിടേണ്ടി വന്നത് അവഗണനകളും അവഹേളനങ്ങളും മാത്രമായിരുന്നു. ജാതിവിവേചനത്തിന്റെ പേരിൽ മാർത്തോമാ സഭയോടു വിടപറയുകയും ദളിത് ക്രിസ്ത്യാനികളുടെ രക്ഷകനാവുകയും ചെയ്തു. ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഉപദേശി ലക്ഷ്യമിട്ടിരുന്നത്. ആദിമ ദ്രാവിഡരുടെ പിന്മുറക്കാരാണ് ഇന്നത്തെ അയിത്ത ജനതയെന്നും അദ്ദേഹം ദുർബല സമൂഹങ്ങളെ ഉദ്ബോധിപ്പിച്ചു. താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്കായി അദ്ദേഹം 1909ൽ പത്തനംതിട്ടയിലെ ഇരവിപേരൂർ ആസ്ഥാനമായി 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചു. ഹൈന്ദവ-ക്രൈസ്തവ മതങ്ങളുടെ സാരം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം സംഘടനയ്ക്കു രൂപം നൽകിയത്. അധഃസ്ഥിതരുടെ കൃഷിഭൂമി തിരിച്ചുപിടിക്കുന്നതിനെച്ചൊല്ലി 1913ൽ ഉണ്ടായ കൊഴുക്കുച്ചിറ ലഹളയ്ക്കു പരിഹാരമുണ്ടാക്കിയത് പൊയ്കയിൽ യോഹന്നാനാണ്. ജാതി നോക്കാതെ വിവാഹം ചെയ്യാൻ യോഹന്നാൻ തന്റെ സഭക്കാരെ ഉപദേശിച്ചു. പ്രത്യക്ഷ രക്ഷാദൈവസഭയിലെ വിശ്വാസികൾ പേരിനൊപ്പം 'കുമാർ' എന്നു പ്രത്യേകം ചേർക്കുന്നു.

PSC ചോദ്യങ്ങൾ

1. അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ സ്ഥാപിച്ച സംഘടന - പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്)

2. പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - പൊയ്കയിൽ യോഹന്നാൻ

3. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം - 1909 

4. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം - ഇരവിപേരൂർ (പത്തനംതിട്ട)

5. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ - അമരകുന്ന്, ഉദിയൻകുളങ്ങര

6. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ രക്ഷാധികാരി - കുമാര ഗുരുദേവൻ 

7. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മുഖപത്രം - ആദിയാർ ദീപം 

8. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചതിനു ശേഷം യോഹന്നാൻ അറിയപ്പെടുന്ന പേരുകൾ - പൊയ്കയിൽ അപ്പച്ചൻ, കുമാര ഗുരുദേവൻ