മോഹിനിയാട്ടം (Mohiniyattam)

മലയാളത്തിന്റെ മനോഹരമായ നൃത്തരൂപമാണ് മോഹിനിയാട്ടം. മോഹിനിയാട്ടം എന്ന പേര് സൂചിപ്പിക്കുന്നതു തന്നെ 'സുന്ദരിയുടെ ആട്ടം' എന്നാണല്ലോ. നൃത്തത്തിന്റെ നാടൻ പദമാണ് ആട്ടം. എ.ഡി പതിനാറാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു. കാരണം, ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ നൃത്തം നടത്തുന്നതിന് നിയമിക്കപ്പെട്ടിരുന്ന ദേവദാസികളാണ് മോഹിനിയാട്ടവും അവതരിപ്പിച്ചിരുന്നത്. അതിനാൽ ആദ്യകാലത്ത് ഇത് ദാസിയാട്ടം എന്നും അറിയപ്പെട്ടിരുന്നു.

കേരളീയ വനിതകളുടെ പരമ്പരാഗത രീതിക്ക് യോജിച്ച നിലയിലാണ് മുടി കെട്ടുന്നതുപോലും. കസവുകരയുള്ള ചേലയും ബ്ലൗസുമാണ് വസ്ത്രം. ചേല മനോഹരമായി ഞൊറിഞ്ഞുടുക്കും. നെറ്റിയിൽ ചുട്ടി, കാതുകളിൽ തോടയും കൊടകടുക്കനും, കഴുത്തിൽ നാഗപടത്താലി, പവൻ മാല തുടങ്ങിയ ആഭരണങ്ങൾ. തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിവച്ച മുടി പൂക്കൾ കൊണ്ടലങ്കരിക്കും. മൂക്കുത്തിയും പിന്നെ ശിരസ്സിന് ഇരുവശവും സൂര്യൻ, ചന്ദ്രൻ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും. കൈകാലുകളിൽ കാപ്പും ചിലങ്കയുമുണ്ടാകും. ഇങ്ങനെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്ന കലാകാരി അരങ്ങിൽ എത്തുക.

പ്രശസ്‌ത മോഹിനിയാട്ട നർത്തകിമാർ 

■ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

■ തോട്ടശ്ശേരി ചിന്നമ്മു അമ്മ

■ കലാമണ്ഡലം സത്യഭാമ

■ കനക് റെലെ

■ രാഗിണി ദേവി

■ ദീപ്തി ഭല്ല

■ സുനന്ദ നായർ

■ ഗീത നായക്

■ കലാ ദേവി

■ ശാന്താറാവു

■ കലാമണ്ഡലം ക്ഷേമാവതി

■ ഭാരതി ശിവജി

■ ഹേമ മാലിനി

■ പല്ലവി കൃഷ്ണൻ

PSC ചോദ്യങ്ങൾ

1. കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം - മോഹിനിയാട്ടം 

2. ലാസ്യഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം - മോഹിനിയാട്ടം (രസം - ശൃംഗാരം)

3. ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം - മോഹിനിയാട്ടം

4. മോഹിനിയാട്ടത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച മലയാളകവി ആരാണ് - കുഞ്ചൻ നമ്പ്യാർ

5. മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥ ഏതാണ് - ഘോഷയാത്ര

6. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി ആരാണ് - റാണി പാർവ്വതി ഭായി

7. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ

8. മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്നത് ഏത് സംഗീതമാണ് - കർണാടക സംഗീതം 

9. മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യത്തെ ഇനം ഏതു പേരിലാണ് അറിയപ്പെടുന്നത് - ചൊൽക്കെട്ട് 

10. മോഹിനിയാട്ടത്തിന് തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗം എന്ന വാദ്യോപകരണം നടപ്പിൽ വരുത്തിയതാരാണ് - വള്ളത്തോൾ നാരായണ മേനോൻ 

11. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.

12. 'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചതാര് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 

13. പ്രഥമ ഗുരു ഗോപിനാഥ് ദേശീയ നാട്യപുരസ്കാരത്തിന് അർഹയായത് - ഡോ. കനക് റെലെ (പ്രശസ്‌ത മോഹിനിയാട്ടം നർത്തകി)

14. മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍

15. മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക

16. മോഹിനിയാട്ടത്തിൽ ആദ്യത്തെ എം.എ നേടിയത് - ഡോ. സുനന്ദ നായർ

17. മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കൃതികൾ - വ്യവഹാരമാല (മഴമംഗലം നാരായണൻ നമ്പൂതിരി), ഘോഷയാത്ര (കുഞ്ചൻ നമ്പ്യാർ)