ഇസ്ലാം ധർമ്മ പരിപാലന സംഘം

കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ സാമൂഹികമാറ്റത്തിനും യുക്തിചിന്തക്കും എതിരായി നിന്ന യാഥാസ്ഥിതിക ശക്തികളെ തകർത്ത് മുസ്ലിം സമൂഹത്തിലെ ജീർണതയ്‌ക്കെതിരെ പോരാടിയ മഹാവ്യക്തിയായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി. എസ്.എൻ.ഡി.പിയുടെ മാതൃകയിൽ അദ്ദേഹം ആരംഭിച്ച സംഘടനയാണ് ഇസ്ലാം ധർമ്മ പരിപാലന സംഘം. 1918ൽ വക്കം പഞ്ചായത്തിലെ നിലയ്ക്കമുക്കിലാണ് സംഘടന സ്ഥാപിതമായത്. സഹോദരൻ അയ്യപ്പനുമായും ശ്രീ നാരായണഗുരുവുമായും അടുത്ത ബന്ധമുണ്ടായിരുന്ന വക്കം മൗലവി ദേശീയ പ്രസ്ഥാനവുമായും അടുപ്പം സൂക്ഷിച്ചിരുന്നു. മുസ്ലിം സമുദായത്തിന്റെ നവീകരണത്തിനും ഐക്യത്തിനുമായി അദ്ദേഹം തുടങ്ങിയ പ്രസ്ഥാനങ്ങളാണ് അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ഐക്യ മുസ്ലിം സംഘം, മുസ്ലിം സമാജം (ചിറയിൻകീഴ്), ധർമ്മപോഷിണി സഭ തുടങ്ങിയവ.

ഐക്യ മുസ്ലിം സംഘം

1922-23 കാലഘട്ടത്തിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ആശീർവാദത്തോടെ ഐക്യ മുസ്ലിം സംഘം കൊടുങ്ങലൂർ കേന്ദ്രമാക്കി നിലവിൽ വന്നു. ഇതിന്റെ പ്രമുഖ നേതാക്കൾ ശൈഖ് ഹംദാനി തങ്ങൾ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ്, സീതിമുഹമ്മദ്, കെ.എം.മൗലവി, കെ.എം.സീതിസാഹിബ്, എം.സി.സി.അബ്ദു റഹിമാൻ എന്നിവരായിരുന്നു. സംഘത്തിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് വക്കം മൗലവിയായിരുന്നു. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ചും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചും ലഘുലേഖകൾ പ്രസിദ്ധീകരിച്ചും ഐക്യസംഘം അതിന്റെ പ്രവർത്തനം തുടർന്നു. 

PSC ചോദ്യങ്ങൾ

1. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വക്കം അബ്ദുൽ ഖാദർ മൗലവി

2. എസ്.എൻ.ഡി.പിയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന - ഇസ്ലാം ധർമ്മ പരിപാലന സംഘം

3. ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം - 1918 

4. ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ സ്ഥലം - നിലയ്ക്കമുക്ക് (ചിറയിൻകീഴ്)

5. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക ലഘുലേഖകൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പ്രസ്ഥാനം - ഐക്യ മുസ്ലിം സംഘം 

6. ഐക്യ മുസ്ലിം സംഘത്തിന്റെ കേന്ദ്രം - കൊടുങ്ങലൂർ 

7. ഐക്യ മുസ്ലിം സ്ഥാപിതമായത് - 1922

8. ഐക്യ മുസ്ലിം സംഘത്തിന്റെ സ്ഥാപകൻ - വക്കം അബ്ദുൽ ഖാദർ മൗലവി

9. ഐക്യ മുസ്ലിം സംഘത്തിന്റെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - വക്കം അബ്ദുൽ ഖാദർ മൗലവി