കൂത്ത് (Chakyar Koothu)
പരമ്പരാഗതമായി കേരളത്തിലെ ചാക്യാർ സമുദായത്തിൽ പെട്ടവർ മാത്രം അവതരിപ്പിച്ചു പോന്നിരുന്നതിനാൽ കൂത്ത്, ചാക്യാർകൂത്ത് എന്നും അറിയപ്പെടുന്നു. സംസ്കൃതരചനകളായ 'ചമ്പു'ക്കളെ ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളാണ് ഇവയുടെ പ്രമേയം. അഭിനയത്തിനും സംഭാഷണത്തിനും കൂത്തിൽ ഒരുപോലെ സ്ഥാനമുണ്ട്. രണ്ടും ചെയ്യുന്നത് ഒരാൾ തന്നെ. ഫലിതത്തോടും പരിഹാസത്തോടും കൂടി ചാക്യാർ നടത്തുന്ന പുരാണ കഥാപ്രസംഗമാണ് ചാക്യാർകൂത്ത് എന്നു പറയാം. ചമ്പു പ്രബന്ധങ്ങളിലെ ഗദ്യങ്ങളും ശ്ലോകങ്ങളും ചൊല്ലി വിസ്തരിച്ച് വ്യാഖ്യാനിക്കുകയാണ് കൂത്തിന്റെ രീതി. അതിനു യോജിച്ച കഥകളും ഉപകഥകളും മേമ്പൊടിയായി ചേർക്കും. അതിനിടെ സന്ദർഭോചിതമായി സാമൂഹ്യവിമർശനവും നടത്തും. കൂത്ത് കണ്ടുകൊണ്ടിരിക്കുന്ന ആരെയെങ്കിലും ചൂണ്ടിക്കാണിച്ചു കളിയാക്കിയെന്നും വരാം. ഇതിനെല്ലാമുള്ള സ്വാതന്ത്ര്യം പണ്ടുമുതലേ ചാക്യാർക്കുണ്ട്. കൂത്തിന്റെ മർമപ്രധാനമായ രസം ഹാസ്യമാണ്.
ചാക്യാർകൂത്തിലെ മുഖ്യവാദ്യം മിഴാവാണ്. നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് മിഴാവ് വായിച്ചിരുന്നത്. കൂത്ത് തുടങ്ങാറായി എന്ന് കാണികളെ അറിയിച്ചിരുന്നത് മിഴാവു കൊട്ടിയാണ്. അതിനുശേഷം നടൻ പ്രവേശിക്കും. വേദിയിൽ കത്തിച്ചുവച്ച നിലവിളക്കിനു പിന്നിൽ നിന്നാണ് ചാക്യാരുടെ പ്രകടനം. നടൻ രംഗത്തു വന്നാൽ ആദ്യം 'ചാരി' എന്ന പേരിലുള്ള നൃത്തമാണ്. തുടർന്ന്, ശരീരശുദ്ധി വരുത്തുന്നതായി സങ്കല്പിച്ചുള്ള അഭിനയം. ഇതിന് 'വിദൂഷകസ്തോഭം' എന്നു പറയും. അതുകഴിഞ്ഞ് 'ഇഷ്ടദേവസ്തുതി'. 'പീടിക പറച്ചിൽ' എന്നീ ചടങ്ങുകൾ. അതിനുശേഷമേ കൂത്ത് പറയാൻ തുടങ്ങൂ. പ്രത്യേകരീതിയിൽ അണിഞ്ഞൊരുങ്ങിയാണ് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്.
PSC ചോദ്യങ്ങൾ
1. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തിൽനിന്ന് വേറിട്ടും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം - കൂത്ത്
2. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം - മിഴാവ്
3. കൂത്തിന് ചാക്യാർ കൊട്ടുന്ന വാദ്യം - മിഴാവ്
4. ചാക്യാർകൂത്തിലെ പക്കമേളമായ മിഴാവു കൊട്ടുന്നതാരാണ് - യഥാക്രമം നമ്പ്യാരും നങ്ങ്യാരും
5. അർഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെക്കുറിച്ച് അറിവു നൽകുന്നതിനാൽ ചാക്യാർകൂത്തിന് ലഭിച്ച മറ്റൊരു പേരെന്ത് - പുരുഷാർത്ഥക്കൂത്ത്
6. കൂത്ത് എന്ന കലാരൂപം പിന്തുടരുന്ന ശൈലി - ഏകാംഗ അഭിനയശൈലി
7. മാണി മാധവചാക്യാർ ഏതു കലയിലാണ് പ്രശസ്‌തി നേടിയത് - ചാക്യാർകൂത്ത്
8. 'മത്തവിലാസം കൂത്ത്' എന്ന ക്ഷേത്രകല മുടങ്ങാതെ നടക്കുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് - കരിവെള്ളൂർ ശിവക്ഷേത്രം
9. കൂത്ത് അവതരിപ്പിക്കുന്നത് - കൂത്തു തറകളിൽ അഥവാ കൂത്തമ്പലത്തിൽ
10. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്ന ചാക്യാർ സമുദായത്തിലെ സ്ത്രീകളാണ് - നങ്ങ്യാർ
11. നങ്ങ്യാർമാർ അവതരിപ്പിക്കുന്ന കൂത്ത് ഏത് പേരിലറിയപ്പെടുന്നു - നങ്ങ്യാർകൂത്ത്
12. നങ്ങ്യാർ കൊട്ടുന്ന വാദ്യം - കുഴിത്താളം
13. കൂത്തിനെ ലഘൂകരിച്ച ക്ഷേത്രകല - പാഠകം
14. വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ അവതരിപ്പിക്കുന്ന കലാരൂപം - പാഠകം
15. പാഠകം അവതരിപ്പിക്കുന്നത് - നമ്പ്യാർ
0 Comments