ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (National Commission For Scheduled Tribes)

2004 ൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഒരു  ഭരണഘടനാ സ്ഥാപനമാണ്. 2003 ലെ 89-ാം ഭേദഗതിക്ക് ശേഷം ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ അനുഛേദം 338 A യിൽ കൂട്ടിച്ചേർത്തു. ചെയർമാനടക്കം അഞ്ച് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. രാഷ്ട്രപതിയാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷനിലെ ചെയർപേഴ്‌സണെയും അംഗങ്ങളെയും നിയമിക്കുന്നത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും സേവന വ്യവസ്ഥകളും കാലാവധിയും തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്. നിലവിലെ കാലാവധി മൂന്ന് വർഷമാണ്. ഗോത്രകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ പ്രവർത്തിക്കുന്നത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രധാനപ്പെട്ട ചുമതല പട്ടിക വർഗ്ഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. ന്യൂഡൽഹിയാണ് (ലോക്നായക് ഭവൻ) ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത് രാഷ്ട്രപതിയാണ്. ഒരു സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഏത് റിപ്പോർട്ടും രാഷ്‌ട്രപതി സംസ്ഥാന ഗവർണർക്ക് കൈമാറുന്നു. ഗവർണർ അത് സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുന്നു.

അധിക ഉത്തരവാദിത്തങ്ങൾ

2005ൽ പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം, പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി കമ്മീഷനെ ഏൽപിച്ച അധിക ഉത്തരവാദിത്തങ്ങൾ.

■ വനമേഖലയിൽ താമസിക്കുന്ന പട്ടിക വർഗക്കാർക്ക് ചെറുകിട വന ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഉടമസ്ഥാവകാശം നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക.

■ നിയമപ്രകാരം ധാതുവിഭവങ്ങൾ, ജല സ്രോതസുകൾ മുതലായവയിൽ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുക.

■ ആദിവാസികളുടെ വികസനത്തിനും ഗോത്രാംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

■ ആദിവാസികളെ അവരുടെ ഊരുകളിൽ നിന്ന് ഒഴിപ്പിക്കുന്നത് തടയുവാനും ഒഴിപ്പിക്കപ്പെട്ടവരെ പുനഃരധിവസിപ്പിക്കുവാനുമുള്ള നടപടികൾ കൈക്കൊള്ളുക.

■ വനങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക വനവൽക്കരണം ഏറ്റെടുക്കുന്നതിനും  ആദിവാസി സമൂഹങ്ങളുടെ പരമാവധി സഹകരണവും പങ്കാളിത്തവും നേടിയെടുക്കുക.

■ 1996ലെ പ്രൊവിഷ്യൻസ് ഓഫ് പഞ്ചായത്ത് (എക്സ്റ്റെൻഷൻ ടു ദി ഷെഡ്യൂൾഡ് ഏരിയാസ്) നിയമം പൂർണ്ണമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

അധികാരങ്ങൾ 

കമ്മീഷന് ചുവടെപ്പറയുന്ന കാര്യങ്ങളിൽ ഒരു സിവിൽ കോടതിയുടെ അധികാരങ്ങളുണ്ട്.

■ ഇന്ത്യയുടെ ഏത് ഭാഗത്തു നിന്നും ഒരു വ്യക്തിയെ വിളിച്ചുവരുത്തി കമ്മീഷനു മുന്നിൽ ഹാജരാക്കാനും വിശദീകരണം തേടാനും.

■ ഏതു രേഖയും കണ്ടെത്താനും ഹാജരാക്കാനും.

■ സത്യവാങ്മൂലത്തിന്മേൽ തെളിവുകൾ സ്വീകരിക്കുന്നതിൽ.

■ ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖ ആവശ്യപ്പെടുന്നതിന്.

■ സാക്ഷികളുടെ വിസ്താരത്തിനായി സമൻസ് പുറപ്പെടുവിക്കുന്നതിന്.

■ രാഷ്‌ട്രപതി നിർദ്ദേശിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ.

PSC ചോദ്യങ്ങൾ

1. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ രൂപവത്കരിച്ചത് - 2004 ഫെബ്രുവരി 19

2. ദേശീയ പട്ടികവർഗ്ഗ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുഛേദം 338 എ

3. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷനെയും മറ്റംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി 

4. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അംഗസംഖ്യ - അധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ 

5. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി - മൂന്ന് വർഷം 

6. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി (ലോക്നായക് ഭവൻ)

7. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ - കൻവർ സിംഗ് (2004-2007)

8. ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ രണ്ടു തവണ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചത് - Rameshwar Oraon