ദേശീയ പട്ടികജാതി കമ്മീഷൻ (National Commission For Scheduled Caste (SC))
അനുഛേദം 338 ലാണ് ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ആദ്യകാലങ്ങളിൽ അനുഛേദം 338ൽ പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ചാണ് പ്രതിപാദിച്ചിരുന്നത്. 1978ൽ ഗവൺമെന്റ് ഒരു പ്രമേയത്തിലൂടെ പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും വേണ്ടി ഒരു നോൺ സ്റ്റാറ്റ്യൂട്ടറി മൾട്ടിമെമ്പർ കമ്മീഷൻ രൂപീകരിച്ചു. ദേശീയ പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ എന്ന പേര് സ്വീകരിച്ചത് 1987ലെ പാർലമെന്റ് പ്രമേയത്തിലൂടെയാണ്. കേന്ദ്ര ഗവൺമെന്റ് 1987ലെ ഒരു പ്രമേയത്തിലൂടെ കമ്മീഷന്റെ ചുമതലകൾ പരിഷ്ക്കരിക്കുകയും ദേശീയ പട്ടികജാതി - പട്ടികവർഗ കമ്മീഷൻ എന്ന പേര് നൽകുകയും ചെയ്തു. 1990 ലെ 65-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ സംയുക്ത പട്ടികജാതി പട്ടികവർഗ കമ്മീഷൻ 1992 മാർച്ച് 12 ന് നിലവിൽ വന്നത്. ശ്രീ രാംധനായിരുന്നു കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ. 2003 ലെ 89-ാമത് ഭരണഘടനാ ഭേദഗതി നിലവിൽ വരുന്നതുവരെ പട്ടികജാതി പട്ടികവർഗക്കാർക്ക് പൊതുവായ ഒറ്റ കമ്മീഷനാണ് നിലവിലുണ്ടായിരുന്നത്. 2003 ലെ 89-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംയുക്ത പട്ടികജാതി പട്ടികവർഗ കമ്മീഷനെ വിഭജിച്ച് പട്ടിക വർഗക്കാർക്കും പട്ടിക ജാതിക്കാർക്കും വെവ്വേറെ കമ്മീഷനുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തു. 2004 ൽ ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടികവർഗ്ഗ കമ്മീഷനും നിലവിൽ വന്നു. ഇവ രണ്ടും ഭരണഘടനാ സ്ഥാപനമാണ് (കോൺസ്റ്റിറ്റ്യുഷണൽ ബോഡി). ചെയർമാനടക്കം അഞ്ച് അംഗങ്ങളാണ് നിലവിലുള്ളത്. ന്യൂഡൽഹിയാണ് (ലോക്നായക് ഭവൻ) ആസ്ഥാനം.
ഇന്ത്യൻ രാഷ്ട്രപതിയാണ് ദേശീയ പട്ടികജാതി കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്റെയും വൈസ് ചെയർമാന്റെയും അംഗങ്ങളുടെയും സേവന വ്യവസ്ഥകളും കാലാവധിയും തീരുമാനിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. നിലവിലെ കാലാവധി മൂന്ന് വർഷമാണ്. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലാണ് ദേശീയ പട്ടികജാതി കമ്മീഷൻ ഉൾപ്പെടുന്നത്. പട്ടികജാതിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുക, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ദേശീയ പട്ടികജാതി കമ്മീഷന്റെ പ്രധാന ചുമതലകൾ. ദേശീയ പട്ടികജാതി കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്കാണ്. പ്രസ്തുത റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത് രാഷ്ട്രപതിയാണ്. ഒരു സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഏത് റിപ്പോർട്ടും രാഷ്ട്രപതി സംസ്ഥാന ഗവർണർക്ക് കൈമാറുന്നു. ഗവർണർ അത് സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുന്നു.
അധികാരങ്ങൾ
കമ്മീഷന് ഒരു അന്വേഷണം നടത്തുന്ന അവസരത്തിൽ താഴെപ്പറയുന്ന കാര്യങ്ങളിൽ ഒരു സിവിൽ കോടതിയുടേതിന് സമാനമായ അധികാരങ്ങളുണ്ട്.
■ ഇന്ത്യയുടെ ഏത് ഭാഗത്തു നിന്നും ഒരു വ്യക്തിയെ വിളിച്ചുവരുത്തി കമ്മീഷനു മുന്നിൽ ഹാജരാക്കാനും വിശദീകരണം തേടാനും.
■ ഏതു രേഖയും കണ്ടെത്താനും ഹാജരാക്കാനും.
■ സത്യവാങ്മൂലത്തിന്മേൽ തെളിവുകൾ സ്വീകരിക്കുന്നതിൽ.
■ ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖ ആവശ്യപ്പെടുന്നതിന്.
■ സാക്ഷികളുടെ വിസ്താരത്തിനായി സമൻസ് പുറപ്പെടുവിക്കുന്നതിന്.
■ രാഷ്ട്രപതി നിർദ്ദേശിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ.
PSC ചോദ്യങ്ങൾ
1. ദേശീയ പട്ടികജാതി കമ്മീഷൻ രൂപവത്കരിച്ചത് - 2004 ഫെബ്രുവരി 19
2. ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുഛേദം 338
3. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനെയും മറ്റംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
4. ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ - ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
5. ദേശീയ പട്ടികജാതി കമ്മീഷന്റെ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - മൂന്ന് വർഷം
6. ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി
7. ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ - സൂരജ് ബാൻ (2004)
8. 2003 ലെ 89-ാം ഭേദഗതിക്ക് ശേഷം ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - 338
9. ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളുടെ ഭരണഘടനാ പരവും നിയമപരവുമായ പരിരക്ഷ ഉറപ്പാക്കുകയും പ്രസ്തുത വിഷയം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന കമ്മീഷൻ - ദേശീയ പട്ടികജാതി കമ്മീഷൻ
10. ദേശീയ പട്ടിക ജാതി കമ്മീഷന്റെ ചെയർപേഴ്സണായി രണ്ട് തവണ സേവനം അനുഷ്ഠിച്ച വ്യക്തി - പി.എൽ.പുനിയ (2010-13, 2013-16)
0 Comments