ധനകാര്യ കമ്മീഷൻ (Finance Commission)

ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്. ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. പാർലമെന്റാണ് ഇവരുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്. ഇന്ത്യൻ പ്രസിഡന്റാണ് ധനകാര്യ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്. കാലാവധി പൂർത്തിയായ ശേഷം ചെയർമാനെയും അംഗങ്ങളെയും വീണ്ടും നിയമിക്കാൻ സാധിക്കും. ധനകാര്യ കമ്മീഷൻ  ചെയർമാന്റെ യോഗ്യത പാർലമെന്റ് നിശ്ചയിച്ചിരിക്കുന്നത് പൊതുകാര്യങ്ങളിലെ പ്രവൃത്തി പരിചയമാണ്. 2026 ഏപ്രില്‍ 1 മുതല്‍ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തെ ശുപാർശകൾ നൽകുന്നതിനായി 2023 ന് 16-ാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചു. സംസ്ഥാനത്തലത്തിൽ പ്രവർത്തിച്ചുവരുന്നതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. ഇത് ഒരു ഭരണഘടനാ സ്ഥാപനമാണ്. 1992 ൽ നിലവിൽ വന്ന 73-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപംകൊണ്ടത്.

ധനകാര്യ കമ്മീഷന്റെ അംഗങ്ങളുടെ യോഗ്യത

■ ഒരു ഹൈക്കോടതി ജഡ്ജിയോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി ആകാൻ യോഗ്യതയുള്ള വ്യക്തി.

■ ധനകാര്യ വിഷയങ്ങളിലും ഗവൺമെന്റുമായി ബന്ധപ്പെട്ട ധനകാര്യ വിഷയങ്ങളിലും പ്രത്യേക അറിവുള്ള വ്യക്തി.

■ പൊതുഭരണ വിഷയങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും പരിചയമുള്ള വ്യക്തി.

■ സാമ്പത്തിക ശാസ്ത്രത്തിൽ പ്രത്യേക അറിവുള്ള വ്യക്തി.

ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതലകൾ 

ധനകാര്യ കമ്മീഷൻ റിപ്പോർട്ടുകൾ നൽകുന്നത് രാഷ്ട്രപതിക്കാണ്. പ്രസ്തുത റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത് രാഷ്ട്രപതിയാണ്. ധനകാര്യ കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങൾ ഉപദേശ രൂപത്തിൽ പെട്ടതാണ്. പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പാലിക്കണമെന്ന് നിർബന്ധമില്ല. ധനകാര്യ കമ്മീഷൻ രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്ന വിഷയങ്ങൾ,

■ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

■ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകേണ്ട സഹായ ഗ്രാന്റുകളുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

■ സംസ്ഥാന ധനകാര്യ കമ്മീഷൻ, സംസ്ഥാന കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകേണ്ട വിഹിതത്തെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

■ ധനകാര്യ വിഷയങ്ങളിൽ പ്രസിഡന്റ് കാലാകാലങ്ങളിൽ നൽകുന്ന വിഷയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.

PSC ചോദ്യങ്ങൾ

1. ഭരണഘടനയുടെ ഏത് വകുപ്പിലാണ് ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നത് - 280-ാം വകുപ്പ്

2. ധനകാര്യ കമ്മിഷന്റെ കാലാവധി - അഞ്ച് വർഷം 

3. കേന്ദ്ര ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 

4. കേന്ദ്ര ധനകാര്യ കമ്മിഷനിലെ അംഗസംഖ്യ - അഞ്ച് (ഒരധ്യക്ഷനും നാല് അംഗങ്ങളും)

5. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് - ധനകാര്യ കമ്മീഷൻ

6. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ 

7. കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - 266

8. ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് - 1951 

9. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സി നിയോഗി (1952 - 57)

10. രണ്ടാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സന്താനം

12. പതിനാലാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - വൈ.വി റെഡ്ഢി (2015 - 2020)

11. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - നന്ദ കിഷോർ സിംഗ് (2020-21; 2021-26)

13. പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ -  Arvind Panagariya (2026 - 31)

14. കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യത്തെ മലയാളി - വി.പി.മേനോൻ (1-ാം ധനകാര്യ കമ്മീഷന്‍)

15. കേന്ദ്ര ധനകാര്യ കമ്മിഷനിൽ മെമ്പർ സെക്രട്ടറി പദവി വഹിച്ച ആദ്യത്തെ മലയാളി - പി.സി മാത്യു (4-ാം ധനകാര്യ കമ്മീഷന്‍)

16. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നതെപ്പോൾ - 1993

17. ഇന്ത്യൻ ഭരണഘടനയുടെയും പഞ്ചായത്തിരാജ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ഗവർണർക്ക് ശുപാർശകൾ സമർപ്പിക്കുന്നത് - സംസ്ഥാന ധനകാര്യ കമ്മീഷന്‍

18. സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് - ഗവർണ്ണർ (ആർട്ടിക്കിൾ 243 I)

19. സംസ്ഥാന ധനകാര്യ കമ്മിഷനിലെ അംഗസംഖ്യ - ഒരു അധ്യക്ഷൻ ഉൾപ്പടെ പരമാവധി നാല് അംഗങ്ങൾ

20. സംസ്ഥാനത്തിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകേണ്ട നികുതി, ടോൾ, ഗ്രാന്റുകൾ തുടങ്ങിയവയുടെ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കുന്നത് - സംസ്ഥാന ധനകാര്യ കമ്മീഷൻ

21. സംസ്ഥാന ധനകാര്യ കമ്മിഷന്റെ കാലാവധി - അഞ്ച് വർഷം 

22. ഒന്നാം കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ -  പി.എം.ഏബ്രഹാം

23. ധനകാര്യ കമ്മീഷൻ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്ന ഭരണഘടനാ സ്ഥാപനമാണ് - അർദ്ധ നീതിന്യായ സംവിധാനം 

24. ധനകാര്യ കമ്മീഷന്റെ ആസ്ഥാനം - ജവഹർ വ്യാപാർ ഭവൻ, ടോൾസ്റ്റോയി മാർഗ്, ന്യൂഡൽഹി 

25. ധനകാര്യ കമ്മീഷന്റെ ശിപാർശകളെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - 281